
ചെന്നൈ: വിശ്വാസ വോട്ടെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അനുകൂലമായി ഒരു വിഭാഗം അണ്ണാഡിഎംകെ എംഎൽഎമാർ വോട്ട് ചെയ്തതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നല്ല രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നവർ ഇപ്പോൾ ചെയ്യുന്നത് മോശം രാഷ്ട്രീയമാണെന്ന് സ്റ്റാലിൻ വിമർശിച്ചു. തുടക്കം ഇത്രയും മോശമാണെങ്കിൽ ഭരണം എങ്ങനെ അവസാനിക്കുമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. എഐഎഡിഎംകെ അംഗങ്ങളെ പിളർത്തിയതിന് പ്രതിഫലമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ ഏറെ ഖേദിക്കുകയാണ്. ഭരണകക്ഷിയുടെ ആദ്യ നടപടികൾ അനാരോഗ്യകരമായ രാഷ്ട്രീയത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇവർക്ക് പുറമെ പ്രേമലത വിജയകാന്ത്, പ്രൊഫസർ ജവാഹിറുള്ള, തമീമുൻ അൻസാരി, നിത്യാനന്ദം തുടങ്ങിയവരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അവരോടുളള നന്ദി സ്റ്റാലിൻ അറിയിച്ചു. അതേസമയം തമിഴ്‌നാട്ടിൽ രാഷ്ട്രപതി ഭരണം വരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വിജയ്ക്ക് പുറത്തു നിന്ന് മാത്രം പിന്തുണ നൽകിയ സിപിഐ, സിപിഎം, ലീഗ്, വിസികെ തുടങ്ങിയ സഖ്യകക്ഷികളുടെ നിലപാടിനെ മാനിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. എന്നാൽ സർക്കാരിനെ അധികാരത്തിൽ എത്തിച്ചവരുടെ വിശ്വാസം തകർക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ ടിവികെ നടത്തുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു.
അതേസമയം തമിഴ്നാട്ടിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചിരിക്കുകയാണ് വിജയ് സർക്കാർ. അണ്ണാഡിഎംകെയിലെ വിമത എംഎൽഎമാർ ടിവികെ സർക്കാരിനെ പിന്തുണച്ചു. ഇതോടെ ടിവികെയുടെ പിന്തുണ 144 ആയി ഉയർന്നു. 118 എം എൽ എമാരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 119 എം എൽ എമാരുടെ പിന്തുണയുണ്ടായിരുന്ന വിജയ് സർക്കാരിനെ ഇന്ന് സഭയിൽ നടന്ന വോട്ടെടുപ്പിൽ എ ഐ എ ഡി എം കെയിലെ 25 വിമത എം എൽ എമാർ പിന്തുണച്ചു. എ ഐ എ ഡി എം കെ രണ്ടായി പിളരുന്നതിന് കൂടിയാണ് വിശ്വാസ വോട്ടെടുപ്പിനിടെ സഭ സാക്ഷ്യം വഹിച്ചത്. 25 വിമതർ വിജയ് സർക്കാരിനെ പിന്തുണച്ചപ്പോൾ ഇ പി എസ് പക്ഷത്തെ 22 പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഡി എം കെ അംഗങ്ങൾ ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് കൂടാതെ അഞ്ച് എം എൽ എമാർ നിലപാട് വ്യക്തമാക്കാതെ വിട്ടുനിന്നു. വിശ്വാസം നേടിയതോടെ അടുത്ത ആറ് മാസത്തേക്ക് വിജയ് സർക്കാരിന് സുരക്ഷിതമായി ഭരണം തുടരാനാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam