മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള സർക്കാർ ആദിവാസി ആശ്രമം സ്കൂൾ ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന ഭീതിയിൽ അറുന്നൂറിലധികം വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടു. പാദസരത്തിന്റെ ശബ്ദവും വിചിത്രമായ പെരുമാറ്റങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം. എന്നാൽ ഇത് പ്രേതബാധയല്ലെന്നും കടുത്ത മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന 'മാസ് ഹിസ്റ്റീരിയ' എന്ന് ഡോക്ടർമാർ
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള സർക്കാർ ആദിവാസി ആശ്രമം സ്കൂൾ ഹോസ്റ്റലിൽ പ്രേതബാധ ആരോപിച്ച് അറുന്നൂറിലധികം വിദ്യാർത്ഥികൾ ഒന്നിച്ച് ഹോസ്റ്റൽ ഉപേക്ഷിച്ചു. രാത്രികാലങ്ങളിൽ പാദസരത്തിന്റെ ശബ്ദവും പൊട്ടിച്ചിരികളും കരച്ചിലും കേൾക്കുന്നുണ്ടെന്നും, ചില പെൺകുട്ടികളിൽ ബാധ കയറിയതുപോലുള്ള പെരുമാറ്റം കാണുന്നുണ്ടെന്നും പറഞ്ഞാണ് കുട്ടികൾ ഹോസ്റ്റൽ വിട്ടത്. സംഭവം വലിയ ആശങ്കയ്ക്ക് വഴിവെച്ചതോടെ അധികൃതരും ഡോക്ടർമാരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ അവസാനം ചില പെൺകുട്ടികൾ അനിയന്ത്രിതമായി ചിരിക്കുകയും കരയുകയും വിചിത്രമായി പെരുമാറുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന അഭ്യൂഹം പടരുകയായിരുന്നു. ഇവിടെ പഠിക്കുന്ന 608 വിദ്യാർത്ഥികളിൽ 345 പെൺകുട്ടികളും 263 ആൺകുട്ടികളും ഭയന്ന് വീടുകളിലേക്ക് മടങ്ങി. തുടർന്ന് സ്കൂൾ അധികൃതർ പെൺകുട്ടികളെ ആശുപത്രിയിലെത്തിച്ച് മാനസികാരോഗ്യ വിദഗ്ദ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു.
പെൺകുട്ടികളുടേത് പ്രേതബാധയല്ലെന്നും കടുത്ത മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന 'മാസ് ഹിസ്റ്റീരിയ' എന്ന മാനസികാരോഗ്യ അവസ്ഥയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യമില്ലാതെ പരിഭ്രാന്തരാകേണ്ടതില്ലെന്നും ദുരൂഹമായ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ലെന്നും പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടികളുടെ ഭയം മാറ്റുന്നതിനും അവരെ തിരികെ സ്കൂളിലെത്തിക്കുന്നതിനുമായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന 'മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി'യും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകാൻ രംഗത്തിറങ്ങിയിട്ടുണ്ട്.


