വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ സ്വന്തമായി തുകയില്ലാതിരുന്ന ഈ ഏവിയേഷൻ കമ്പനിക്ക് ഇവ വാടകയ്‌ക്കെടുക്കാൻ 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി പാർട്ടി നൽകിയതും ഇ.ഡി പരിശോധിച്ചുവരികയാണ്. ഇമ്പ്രെയർ ലെഗസി 600 ബിസിനസ് ജെറ്റും അഗസ്റ്റവെസ്റ്റ്ലാന്റ് 109SP ഹെലികോപ്റ്ററും വാങ്ങാനാണ് 112 കോടി രൂപ ഉപയോഗിച്ചത്.
കൊൽക്കത്ത: എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ പാർട്ടി ഫണ്ടിൽനിന്നും തൃണമൂൽ കോൺഗ്രസ് വിമാന കമ്പനിക്ക് 160 കോടി നൽകിയെന്ന് എൻഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ്. ഈ വിമാനവും ഹെലികോപ്റ്ററും ഉയർന്ന നിരക്കിൽ തൃണമൂൽ കോൺഗ്രസ് വാടകയ്ക്കെടുക്കുകയും ചെയ്തതായും ഇഡി കണ്ടെത്തി. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കെയർവെൽ എവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിലേക്കാണ് ടി.എം.സി അക്കൗണ്ടുകളിൽ നിന്ന് തുക നൽകിയത്. 187 കോടി രൂപയാണ് വാടകയായി തൃണമൂൽ കോൺഗ്രസ് ഈ കമ്പനിക്ക് നൽകിയത്. കമ്പനിയും ആയി ബന്ധപ്പെട്ട കള്ളപണ ഇടപാടുകളെ സംബന്ധിച്ച് ഇഡി നടത്തുന്ന അന്വേഷണത്തിലാണ് നിർണ്ണായകമായ കണ്ടെത്തലുകൾ.
വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ സ്വന്തമായി തുകയില്ലാതിരുന്ന ഈ ഏവിയേഷൻ കമ്പനിക്ക് ഇവ വാടകയ്‌ക്കെടുക്കാൻ 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി പാർട്ടി നൽകിയതും ഇ.ഡി പരിശോധിച്ചുവരികയാണ്. ഇമ്പ്രെയർ ലെഗസി 600 ബിസിനസ് ജെറ്റും അഗസ്റ്റവെസ്റ്റ്ലാന്റ് 109SP ഹെലികോപ്റ്ററും വാങ്ങാനാണ് 112 കോടി രൂപ ഉപയോഗിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിന്നീട് ഇവ പാർട്ടിക്ക് തന്നെ വാടകയ്ക്ക് നൽകുകയായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചുള്ള പണമിടപാട് കേസ അന്വേഷണത്തിന്റെ ഭാഗമായി ടി.എം.സിയുടെ 440.42 കോടി രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്.
സെക്യൂരിറ്റി ഡെപ്പോസിറ്റ് ലഭിച്ച ഉടൻ തന്നെ, കെയർവെൽ ഏവിയേഷൻ ഈ തുക ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) രജിസ്റ്റർ ചെയ്തിട്ടുള്ള 'കെയർവെൽ ഫ്‌ലൈജെറ്റ് ഐ.എഫ്.എസ്.സി. പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന് കൈമാറുകയായിരുന്നു. ഗിഫ്റ്റ് സിറ്റിയിലെ സ്ഥാപനങ്ങൾ ഓഫ്ഷോർ സ്ഥാപനങ്ങളായാണ് പ്രവർത്തിക്കുന്നത്. ഗുജറാത്തിലെ സ്ഥാപനത്തിന് കെയ്മാൻ ദ്വീപുകളിൽ നിന്ന് ലഭിച്ച 16 കോടിയോളം രൂപയെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. വിമാനവും ഹെലികോപ്റ്ററും വാടകയ്ക്കെടുക്കുന്നതിന് തൃണമൂൽ കോൺഗ്രസ് 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാൽകിയത് സംശയാസ്പദമായ ഇടപാടാണ് എന്നാണ് ഇഡിയുടെ നിലപാട്. വിമാനത്തിന് പ്രതിമാസം കുറഞ്ഞത് 90 ലക്ഷം രൂപയും ഹെലികോപ്റ്ററിന് 60 ലക്ഷം രൂപയും തൃണമൂൽ നൽകണമെന്നായിരുന്നു കരാർ.


