
ദില്ലി: കേരളം ഉൾപ്പടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. ഈ മാസം 12 മുതൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ പ്രചാരണം നടത്താനാണ് കർഷകമോർച്ച തീരുമാനിച്ചത്.
തുടക്കം പശ്ചിമബംഗാളിൽ, രാകേഷ് ടിക്കായത്ത് അടക്കം നേതാക്കൾ പങ്കെടുക്കുന്ന 5 കിസാൻ മഹാപഞ്ചായത്തുകൾ നടത്തും. കൂടാതെ കർഷക മേഖലകളിൽ വീടുകൾ തോറുമുള്ള പ്രചാരണം. കേരളത്തിൽ പ്രചാരണ പരിപാടികൾ ഈ മാസം 15 ന് തുടങ്ങാനാണ് പദ്ധതി. നേമം മണ്ഡലത്തിൽ പ്രത്യേക പ്രചാരണ പരിപാടികളുണ്ടാകും. കേരളത്തിൽ ബിജെപി നിർണ്ണായക ശക്തിയാകാൻ സാധ്യതയുള്ള മറ്റ് മണ്ഡലങ്ങളിലും പ്രചാരണം വ്യാപിപ്പിക്കും.
ഇക്കാര്യങ്ങളിൽ അന്തിമരൂപരേഖയാണ് ഇന്നത്തെ യോഗത്തിൽ ഉണ്ടാകുക. തുടർസമരങ്ങളുടെ ഭാഗമായി കർഷകനേതാവ് ദർശൻപാൽ ശനിയാഴ്ച്ച രാജ്യവ്യാപക ട്രെയിൻ തടയൽ സമരം നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും.
അതേസമയം സിംഘുവിൽ നടന്ന വെടിവെപ്പ് മദ്യപിച്ച് എത്തിയ സംഘങ്ങൾ തമ്മിലുണ്ടായ തർക്കമെന്ന നിഗമനത്തിലാണ് ഹരിയാന പൊലീസ്. മറ്റു ഗൂഢാലോചനയില്ലെന്നും പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. അക്രമികളെ സംബന്ധിച്ച് സൂചന കിട്ടിയെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam