മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്; കാരണം സിന്ധ്യയുടെ ടീം എന്ന് വിമര്‍ശനം

Published : Sep 02, 2023, 03:41 PM ISTUpdated : Sep 02, 2023, 03:45 PM IST
മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്; കാരണം സിന്ധ്യയുടെ ടീം എന്ന് വിമര്‍ശനം

Synopsis

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആളുകള്‍ വരും പോകും, ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാക്കളാണ് ബിജെപി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ടീമിനെയാണ് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്.

ഈ ആഴ്ച ബിജെപിയുടെ രണ്ട് പ്രധാനപ്പെട്ട നേതാക്കള്‍ രാജിവെച്ചു. രണ്ട് തവണ എംഎൽഎയായ ഗിരിജ ശങ്കർ ശർമ വെള്ളിയാഴ്ചയാണ് ബിജെപി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കർ ശർമയുടെ കുടുംബത്തിന് ബിജെപിയുമായി ബന്ധമുണ്ട്. ഇറ്റാർസി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ സീറ്റിൽ 1990 മുതൽ തുടർച്ചയായി ഏഴ് തവണ  വിജയിച്ചത് ഗിരിജ ശങ്കർ ശർമയുടെ കുടുംബാംഗങ്ങളാണ്. 

പുതിയ നേതാക്കൾ പാർട്ടിയിൽ ചേർന്നതിന് ശേഷം മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും ബിജെപി അവഗണിക്കുകയാണെന്ന് ശർമ ആരോപിച്ചു. നിലവിലെ സർക്കാരിന്റെ തിരിച്ചുവരവില്‍ ജനങ്ങള്‍ക്ക് വലിയ താൽപ്പര്യമില്ല. അതിനാല്‍ ബിജെപി സ്ഥാനാർത്ഥി തന്‍റെ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോലാറസ് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ വീരേന്ദ്ര രഘുവംശിയും ബിജെപി വിട്ടു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. സിന്ധ്യയുമായി അടുപ്പമുള്ള നേതാക്കള്‍ അഴിമതിക്കാരാണെന്നും അവര്‍ ബിജെപി പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണെന്നും ആരോപിച്ചാണ് രാജി. 2003ൽ ആദ്യമായി എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ വീരേന്ദ്ര രഘുവംശി കോൺഗ്രസിനൊപ്പമായിരുന്നു. 2013ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം 2018ൽ കോലാറസിൽ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.

"മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്തുമാത്രം സമ്മർദ്ദത്തിലാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. മുതിര്‍ന്ന ബിജെപി പ്രവർത്തകരെയും നേതാക്കളെയും സിന്ധ്യയുടെ ടീം തുടർച്ചയായി ഉപദ്രവിക്കുമ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല"- വീരേന്ദ്ര രഘുവംശി പറഞ്ഞു. വിന്ധ്യ മേഖലയിൽ നിന്നുള്ള രണ്ട് ബിജെപി എംഎൽഎമാരും മഹാകൗശൽ, ബുന്ദേൽഖണ്ഡ് മേഖലകളിൽ നിന്നുള്ള ഓരോ എംഎല്‍എമാരും രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആളുകള്‍ വരും പോകും, ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നാണ് രാജിയെക്കുറിച്ചുള്ള സിന്ധ്യയുടെ പ്രതികരണം. 2020ലാണ് 22 എംഎൽഎമാരുമായി സിന്ധ്യ  ബിജെപി ക്യാമ്പിലെത്തിയത്. ഇതോടെ കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണു. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ബിജെപി നേതാക്കൾ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷി, മുൻ എംഎൽഎ രാധേലാൽ ബാഗേൽ, മുൻ എംഎൽഎ കൻവർ ധ്രുവ് പ്രതാപ് സിങ് തുടങ്ങിയവരാണ് രാജിവെച്ച ബിജെപി നേതാക്കള്‍.

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'