വേതനമില്ലാതെ ഓവർ ടൈം, പതിവായി വാഗ്ദാന ലംഘനം, പാനിപ്പത്തിൽ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ തൊഴിലാളി സമരം

Published : Feb 28, 2026, 08:49 AM IST
Indian oil

Synopsis

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ആണെങ്കിലും സമാനതകളില്ലാതെ തൊഴിൽ മേഖലയിൽ ചൂഷണം ചെയ്യപ്പെടുന്നതായാണ് തൊഴിലാളികൾ വിശദമാക്കുന്നത്

പാനിപ്പത്ത്: വേതനമില്ലാത്ത ഓവർടൈം, തുടർച്ചയായി വാഗ്ദാന ലംഘനം. ഹരിയാനയിലെ പാനിപ്പത്തിൽ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ തൊഴിലാളി സമരം. ആയിരക്കണക്കിന് തൊഴിലാളികളാണ് പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറിയിൽ പണിമുടക്കിയത്. തൊഴിലാളികൾക്കെതിരെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സിഐഎസ്എഫ് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ആണെങ്കിലും സമാനതകളില്ലാതെ തൊഴിൽ മേഖലയിൽ ചൂഷണം ചെയ്യപ്പെടുന്നതായാണ് തൊഴിലാളികൾ വിശദമാക്കുന്നത്. ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നു, പക്ഷേ സാധാരണ എട്ട് മണിക്കൂർ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. മാസത്തിൽ രണ്ട് ദിവസത്തെ അവധി മാത്രമേ അനുവദിക്കൂ, അതായത് എല്ലാ മാസവും രണ്ട് ഞായറാഴ്ചകൾ അവർ ജോലി ചെയ്യുന്നു. വേതനം പലപ്പോഴും വൈകിപ്പിക്കപ്പെടുന്നു, പ്രോവിഡന്റ് ഫണ്ട് സംഭാവനകളുടെ പേരിൽ തട്ടിപ്പ് നടക്കുന്നു, ജോലിസ്ഥലത്ത് ടോയ്‌ലറ്റുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നാണ് തൊഴിലാളികൾ വിശദമാക്കുന്നത്.

ഈ ആഴ്ചയിൽ തൊഴിൽ സ്ഥലത്ത് അപകടമുണ്ടായി തൊഴിലാളികളിൽ 2 പേർ കൊല്ലപ്പെട്ടതാണ് വലിയ രീതിയിൽ സമരം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ഈ അപകടത്തിൽ തൊഴിലാളികളിൽ ഒരാൾക്ക് കാൽ നഷ്ടമാവുകയും ചെയ്തിരുന്നു. സമരത്തെ ഇന്റർനെറ്റ് ജാമറുകൾ അടക്കം സ്ഥാപിച്ചാണ് നേരിട്ടതെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണം. മാനേജ്മെന്റിന്റെയും കരാറുകാരുടേയും പരാതിയിൽ 2500 ലേറെ തൊഴിലാളികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ റിഫൈനറി 1998ലാണ് പ്രവർത്തനം ആരംഭിച്ചത്. അൻപതിനായിരത്തിലേറെ ജീവനക്കാരാണ് വിവധ യൂണിറ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നാണ് പാനിപ്പത്തിലേത്. തൊഴിലാളികളിൽ ഏറിയ പങ്കും കരാർ ജീവനക്കാരാണ്. ഇത് തൊഴിലാളികൾക്ക് വളരെ കുറച്ച് സുരക്ഷയും ആനുകൂല്യങ്ങളും മാത്രമേ നൽകുന്നുള്ളൂ. ചൂഷണം രൂക്ഷമാകുന്ന സാഹചര്യത്തിലും അടിസ്ഥാന അവകാശങ്ങൾ പതിവായി അവഗണിക്കപ്പെടുന്ന സാഹചര്യത്തിലുമാണ് കമ്പനിയിൽ സമരം പൊട്ടിപ്പുറപ്പെട്ടത്.

തൊഴിൽ സമയം 12ൽ നിന്ന് 8 ആക്കുക, ശമ്പളം 7ാം തിയതിക്കുള്ളിൽ നൽകുക, ബേസിക് പേയിൽ ഐഒസി ബോർഡ് നിരക്ക് ഏർപ്പെടുത്തുക, തൊഴിൽ ഇടത്തെ അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ ഉറ്റവർക്ക് നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് ജോലിയും നൽകുക, ഓവർ ടൈമിന് കൂടുതൽ ശമ്പളം നൽകുക, ദേശീയ അവധി ദിവസങ്ങളിൽ അവധി നൽകുക, മാസത്തിൽ 26 ദിവസം ജോലി, ആശുപത്രി, ക്യാൻറീൻ, കുടിവെള്ളം, ശുചിമുറി സൌകര്യങ്ങൾ റിഫൈനറിക്ക് സമീപം ലഭ്യമാക്കുക, പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കുക, മാനദണ്ഡങ്ങൾ പാലിക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉയർത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഐ ഉച്ചകോടിയിലെ ഷർട്ട് ഊരിയുള്ള പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പുലർച്ചെ ജാമ്യം അനുവദിച്ച് കോടതി
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, 81 മുതൽ 86 സീറ്റുകൾ ലഭിച്ചേക്കാം; ലോക്പോൾ സർവേ ഫലം