സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി(എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയാണ് അദ്ദേഹം പൊലീസ് നടപടിയെ ചോദ്യംചെയ്തത്. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും അഖിലേഷ് യാദവ് പാർലമെന്റിൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി(എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയാണ് അദ്ദേഹം പൊലീസ് നടപടിയെ ചോദ്യംചെയ്തത്. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും അഖിലേഷ് യാദവ് പാർലമെന്റിൽ ആവശ്യപ്പെട്ടു.

'നിങ്ങൾ വിദ്യാർഥികളെ കേൾക്കുന്നില്ലെങ്കിൽ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചു. ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ കീറി. വിദ്യാർഥികളെ ലാത്തി കൊണ്ടടിച്ചു. അടിയേറ്റ് അവരുടെ ചോരചിന്തി. അവരുടെ കാലുകൾ തകർന്നു. ഇങ്ങനെയാണോ നമ്മുടെ വിദ്യാർഥികളോട് പെരുമാറേണ്ടത്? നമ്മുടെ പെൺമക്കളുടെ വസ്ത്രങ്ങളും നിങ്ങൾ കീറുമോ, ഇതാണോ അവരോട് പെരുമാറേണ്ട രീതി', അഖിലേഷ് യാദവ് തുറന്നടിച്ചു.

പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ തയ്യാറാകാതിരുന്നതിനാലാണ് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ധർണ നടത്തിയതെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു. വിദ്യാർഥികളുടെ പ്രശ്നത്തിൽ പാർലമെന്റിന് പുറത്ത് പ്രധാനമന്ത്രിക്ക് സംസാരിക്കാമെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം സഭയിൽ പ്രസ്താവന നടത്താത്തതെന്നും അഖിലേഷ് യാദവ് ചോദിച്ചു. വിദ്യാർഥികളുടെ ശബ്ദം ഉറക്കെകേൾപ്പിക്കാനായാണ് താനും രാഹുൽ​ ​ഗാന്ധിയും ഉൾപ്പെടെയുള്ളവർ അവിടെ പോയത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കാൻ തങ്ങൾ നിർബന്ധിതരായി. പ്രധാനമന്ത്രി സഭയിൽ തങ്ങളെ കേട്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു.