കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന് പരസ്യം നൽകിയ കടയിലേക്ക് ആയിരക്കണക്കിന് ആളുകൾ ഇരച്ചുകയറി. കാൺപൂരിലെ ഒരു പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫർ പ്രഖ്യാപിച്ചത്. എന്നാൽ ഓഫർ വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടയ്ക്ക് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു.
കട തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ വസ്ത്രങ്ങൾ വാങ്ങാനായി സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് ആളുകളാണ് വഴിയിൽ ക്യൂ നിന്നത്. കട തുറന്ന ഉടൻ തന്നെ ആളുകൾ ഒരേസമയം ഉള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. ജനം ഇരച്ചുകയറിയതിനെ തുടർന്ന് കടയുടെ ജനൽച്ചില്ലുകൾ തകരുകയും ചിലർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ ഉടമകൾ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ബലം പ്രയോഗിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. വൻ ദുരന്തം ഒഴിവാക്കാൻ സുരക്ഷ മുൻനിർത്തി വസ്ത്രവ്യാപാര സ്ഥാപനം താത്കാലികമായി അടപ്പിച്ചു.
യാതൊരുവിധ മുൻകരുതലുകളോ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാതെ ഓഫറുകൾ നൽകി ആളുകളെ കൂട്ടിയതിന് കടയുടമയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൃത്യസമയത്ത് പോലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam