അപകടകരമായ സാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കി.
ന്യൂഡൽഹി: ഫ്ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് വലിയൊരു ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റൻ സ്മിത് മച്ചാർ ഹീറോ ആണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.
അപകടകരമായ സാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ചു. വലിയൊരു ദുരന്തം ഒഴിവാക്കി. ക്യാപ്റ്റൻ മച്ചാറിന്റെ പേരിൽ ഇന്ത്യ അഭിമാനിക്കുന്നു. എത്രയും വേഗം അദ്ദേഹത്തിന്റെ പരിക്കുകൾ ഭേദമാകാനും നല്ല ആരോഗ്യത്തിനും പ്രാർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ചിരുന്നു. സ്മിത് മച്ചാറിന്റേത് അസാമാന്യ ധൈര്യമാണെന്ന് പറഞ്ഞ നെതന്യാഹു, അദ്ദേഹത്തെ യഥാർഥ ഹീറോ എന്നാണ് വിശേഷിപ്പിച്ചത്.
കഴിഞ്ഞദിവസം ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റിൽ കത്തിക്കുത്തുണ്ടായത്. വിമാനം ദുബായിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റൻ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റിൽനിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. അക്രമിയെ ഇവർ കീഴ്പ്പെടുത്തി. ഇതിനിടെ അവധിയിലായിരുന്ന ചില പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു.
180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗംപേരും ഇസ്രയേൽ പൗരന്മാരായിരുന്നു. കോക്ക്പിറ്റിലെ ആക്രമണത്തിനിടെ വിമാനം രണ്ടുമിനിറ്റിനുള്ളിൽ 17400 അടിയിലേക്ക് താഴ്ന്നു. ഇതിനിടെ വിമാനത്തിൽനിന്ന് അപായസന്ദേശവും പോയി. വിമാനം ഹൈജാക്ക് ചെയ്താൽ നൽകുന്ന അന്താരാഷ്ട്ര എമർജൻസി കോഡാണ് സന്ദേശമായി പോയത്. ഇതോടെ വിമാനം തട്ടിയെടുത്തതാണെന്ന് കരുതി ഇസ്രയേൽ സൈന്യം യുദ്ധവിമാനങ്ങളും അയച്ചിരുന്നു. അതേസമയം, സംഭവത്തിൽ ഫ്ളൈദുബായ് കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനം സൗദിയിലേക്ക് തിരിച്ചുവിട്ടതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഫ്ളൈദുബായ് അറിയിച്ചു. എന്നാൽ, സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രതികരിച്ചു. വിമാനം തകർത്ത് ഇസ്രയേലി പൗരന്മാരെ കൊല്ലാനാണ് ഭീകരൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.


