നാ​ഗ്പൂരിലെ ആർഎസ്എസ് ഓഫിസ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിക്കത്ത്; സർക്കാർ എൻജിനീയർ പിടിയിൽ

By Web TeamFirst Published Dec 1, 2022, 7:49 PM IST
Highlights

കസ്റ്റഡിയിലുള്ള എൻജിനീയർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികാരോ​ഗ്യത്തെക്കുറിച്ച് സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

നാഗ്പൂർ: നാ​ഗ്പൂരിലെ ആർഎസ്എസ് ഹെഡ് ക്വാർട്ടേഴ്സ് തകർക്കുമെന്ന് ഭീഷണിക്കത്ത്. നവംബർ 25ന് റെഷിംബാഗ് ഗ്രൗണ്ടിലെ രാഷ്ട്രീയ സ്വയംസേവക് സംഘ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും തകർക്കുമെന്നാണ് പൊലീസിന് കത്ത് ലഭിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന്റെ (എംഎസ്ഇഡിസിഎൽ) ഡെപ്യൂട്ടി എൻജിനീയറെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് കമ്മീഷണർ അമിതേഷ് കുമാറിനാണ് കത്തയച്ചത്. സുരേഷ് ഭട്ട് ഹാളും തകർക്കുമെന്ന് കത്തിൽ പറഞ്ഞിരുന്നു.

എന്നാൽ, പിടിയിലായ ആളുടെ പേരോ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സക്കാർദാര പൊലീസ് സ്റ്റേഷൻ മേൽവിലാസത്തിലാണ് കത്തയച്ചത്. 250 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ചാണ് കത്തെഴുതിയതെന്ന് സംശയിക്കുന്നയാളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കത്തിൽ ബോംബിന്റെ ചിത്രം വരച്ചിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.

കസ്റ്റഡിയിലുള്ള എൻജിനീയർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികാരോ​ഗ്യത്തെക്കുറിച്ച് സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സുരേഷ്ഭട്ട് ഹാളിൽ അന്ന് നടത്താനിരുന്ന പരിപാടി മുടക്കാനാണ് ഇയാൾ കത്തെഴുതിയതെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

എക്സൈസ് സംഘത്തെ ആക്രമിച്ച സൈനികൻ വെടിയേറ്റ് മരിച്ച നിലയിൽ

click me!