
പട്ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോത്തിഹാരിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. ഒരാഴ്ചക്കിടെ മൂന്നാമത്തെ പാലമാണ് ബിഹാറിൽ തകർന്നു വീഴുന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് (ആർഡബ്ല്യുഡി) കനാലിന് മുകളിലൂടെ നിർമിക്കുന്ന 16 മീറ്റർ നീളമുള്ള പാലമാണ് തകർന്നത്. പാലം തകരാനുള്ള കാരണം ഇതുവരെ അറിവായിട്ടില്ല. ഗൗരവമുള്ള വിഷയമാണെന്നും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റ് (ആർഡബ്ല്യുഡി) അഡീഷണൽ ചീഫ് സെക്രട്ടറി (എസിഎസ്) ദീപക് കുമാർ സിംഗ് പിടിഐയോട് പറഞ്ഞു.
സംഭവം അന്വേഷിക്കാനായി ജില്ലാ ഭരണകൂടം ഇതിനകം തന്നെ മുതിർന്ന ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. പാലത്തിൻ്റെ ചില തൂണുകൾ നിർമിക്കുന്നതിനോട് ഒരു വിഭാഗം നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. 1.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 16 മീറ്റർ നീളമുള്ള പാലം മോത്തിഹാരിയുടെ ഘോരസഹൻ ബ്ലോക്കിലെ അംവ ഗ്രാമത്തെ ബ്ലോക്കിൻ്റെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കും.
Read More.... ടിവി ചാനൽ 'യുദ്ധം'; ആന്ധ്ര നിയമസഭയിൽ ടിഡിപി അനുകൂല മാധ്യമങ്ങളുടെ വിലക്ക് നീക്കി, ജഗന് തിരിച്ചടി നൽകി ടിഡിപി
സംസ്ഥാന സർക്കാരിൻ്റെ ആർഡബ്ല്യുഡി കനാലിന് മുകളിലൂടെയാണ് ഇത് നിർമിക്കുന്നത്. കഴിഞ്ഞ ദിവസം സിവാൻ ജില്ലയിൽ കനാലിന് മുകളിൽ പുതുതായി നിർമിച്ച പാലം തകർന്നിരുന്നു. ജൂൺ 18-ന് അരാരിയ ജില്ലയിൽ 180 മീറ്റർ നീളമുള്ള മറ്റൊരു പാലവും തകർന്നു. സംഭവങ്ങളിൽ ആളപായമുണ്ടായില്ലെങ്കിലും പൊതുമരാമത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam