'പട്ടിണിയല്ല, മരണകാരണം രോഗം', യുപിയില്‍ കുട്ടി മരിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റ്

By Web TeamFirst Published Aug 24, 2020, 9:04 PM IST
Highlights

കഴിക്കാനായ വീട്ടില്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് മരിച്ച കുട്ടിയുടെ സഹോദരി പൂജ. എന്നാല്‍ കുട്ടി പട്ടിണി കിടന്നല്ല മരിച്ചതെന്ന് അധികൃതര്‍
 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അഞ്ച് വയസ്സുകാരി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. പട്ടിണി കിടന്നാണ് കുട്ടി മരിച്ചതെന്നാണ് കുട്ടിയുടെ കുടുംബം അറിയിച്ചത്. എന്നാല്‍ ഈ വാദം തള്ളുകയാണ് അധികൃതര്‍. കുട്ടി രോഗം മൂലമാണ് മരിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കുട്ടി. കുട്ടിയുടെ മരണത്തില്‍ എന്‍എച്ച്ആര്‍സി (നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ - ദേശീയ മനുഷ്യാവകാശ കമ്മീഷന്‍) യുപി സര്‍്ക്കാറിന് നോട്ടീസ് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. 

കുട്ടിയുടെ കുടുംബത്തെ പുനരധിവസിപ്പിക്കണമെന്നും കുട്ടിയുടെ മരണത്തിന് കാരണക്കാരായ അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി രോഗം മൂലമാണ് മരിച്ചതെന്ന് 90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ആഗ്രാ ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു. മരിച്ച ദിവസം കുട്ടിക്ക് പാല്‍ നല്‍രകിയിരുന്നുവെന്നും വീഡിയോയില്‍ പറയുന്നു. 

''കഴിഞ്ഞ ആറ് ദിവസമായി കുട്ടിക്ക് ഛര്‍ദ്ദിയും വയറിളക്കവുമുണ്ടെന്ന് കണ്ടെത്തി. മരിച്ച ദിവസം കുട്ടിക്ക് പാല്‍ നല്‍കിയിരുന്നു. ഇത് കുട്ടി ഛര്‍ദ്ദിച്ചു. അമ്മ കൂലിപ്പണിക്കാരിയാണ്. കുടുംബം വളരെ പാവപ്പെട്ടതാണ്, എന്നാല്‍ മരണകാരണം രോഗമാണ്''  - വീഡിയോയിലൂടെ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. 

രോഗം ബാധിച്ച് കിടപ്പിലാണ് കുട്ടിയുടെ അച്ഛന്‍. ഒരു മാസത്തോളമായി അമ്മയ്ക്ക് ജോലിയുമില്ലെന്ന് കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കഴിക്കാനായ വീട്ടില്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്ന് മരിച്ച കുട്ടിയുടെ സഹോദരി പൂജ പറഞ്ഞു. തങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല, റേഷന്‍ കാര്‍ഡില്ല, ഏഴായിരം രൂപ കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ഒരു വര്‍ഷം മുമ്പ് വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നുവെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. 


 

click me!