Latest Videos

കോളേജിനുള്ളില്‍ ജിമ്മും എടിഎമ്മും വേണം; വാട്ടര്‍ ടാങ്കിന് മുകളില്‍കയറി പെണ്‍കുട്ടികളുടെ പ്രതിഷേധം

By Web TeamFirst Published Aug 9, 2022, 10:44 AM IST
Highlights

(പ്രതീകാത്മക ചിത്രം)

ക്യാംപസിനുള്ളില്‍ എടിഎം മെഷീനും ബാങ്കും ഓപ്പൺ എയർ ജിമ്മും വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല സമീപനമല്ല ലഭിച്ചത്. 

ജയ്പൂർ: കോളേജ് ക്യാംപസിനുള്ളില്‍  ജിമ്മും എടിഎമ്മും വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ പ്രതിഷേധം. വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തതോടെ ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി കോളേജ് അധികൃതര്‍.  രാജസ്ഥാനിലെ ജയ്പൂരില്‍ സർക്കാർ നിയന്ത്രണത്തിലുള്ള മഹാറാണി കോളേജിലാണ് വിദ്യാര്‍ത്ഥിനികളുടെ സമരത്തിന് മുന്നില്‍ കോളേജ് അധികൃതര്‍ കീഴടങ്ങയിത്.

ക്യാംപസിനുള്ളില്‍ എടിഎം മെഷീനും ബാങ്കും ഓപ്പൺ എയർ ജിമ്മും വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല സമീപനമല്ല ലഭിച്ചത്. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ സമരവുമായി രംഗത്ത് വന്നത്. മൂന്ന് പെൺകുട്ടികൾ തിങ്കളാഴ്ച  വാട്ടർ ടാങ്കിന് മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു.  ആവശ്യങ്ങൾ പരിശോധിക്കാമെന്ന് കോളേജ് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പെൺകുട്ടികൾ താഴെ ഇറങ്ങാന്‍ തയ്യാറായത്. 

പെണ്‍കുട്ടികളുടെ സമരം അപകടകരമാണെന്ന് കണ്ടതോടെ കോളേജ് അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു.  ഡെപ്യൂട്ടി പോലീസ് കമ്മീഷണർ   യോഗേഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘം ക്യാംപസിലെത്തി പെണ്‍കുട്ടികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.  പെൺകുട്ടികൾ  ഇറങ്ങിവരാൻ വിസമ്മതിച്ചതോടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമം തുടങ്ങി. എന്നാല്‍ അതും ഫലം കണ്ടില്ല. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന് മുമ്പ് കോളേജ് വളപ്പിൽ എടിഎം മെഷീനുകൾ, ബാങ്കുകൾ, ഓപ്പൺ എയർ ജിം എന്നിവ വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒടുവില്‍ ആവശ്യങ്ങള്‍ നടപ്പാക്കുന്നത് പരിശോധിക്കുമെന്ന് കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ വിദ്യാര്‍ത്ഥികള്‍ താഴെ ഇറങ്ങുകയായിരുന്നു.

Read More : വിദ്യാർഥികളുടെ ബസ് കൺസഷൻ പഠിക്കാന്‍ കമ്മിറ്റി; ഗതാഗതമന്ത്രി ആന്‍റണി രാജു

അതേസമയം, രാജസ്ഥാൻ സർവകലാശാലയിലെ മറ്റൊരു ക്യാംപസിലും വിദ്യാര്‍ത്ഥികള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സമരം തുടങ്ങി.  വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് തീയതി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം.   കഴിഞ്ഞ 48 മണിക്കൂറായി മൂന്ന് വിദ്യാർത്ഥി നേതാക്കൾ ടാങ്കിന് മുകളില്‍ കയറി സമരം തുടരുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ്  തീയതി നീട്ടാനാവില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.  വിദ്യാർത്ഥി നേതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ. രാജസ്ഥാനിലെ വിവിധ കോളേജുകളില്‍ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26 നും വോട്ടെണ്ണൽ ഓഗസ്റ്റ് 27 നും നടക്കും.
 

click me!