സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ കമ്മിറ്റി ചെയർമാന്‍.ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിക്ക് നിര്‍ദ്ദേശം 

തിരുവനന്തപുരം:വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ ചെയർമാനായ കമ്മിറ്റിയിൽ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ ബി. ജി. ശ്രീദേവി, സംസ്ഥാന ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ് എന്നിവരാണ് അംഗങ്ങൾ. ബസ് ചാര്‍ജ് വർധിപ്പിച്ചപ്പോൾ അതിനോടൊപ്പം കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും നിലവിലുള്ള കണ്‍സെഷന്‍ നിരക്ക് തുടരുവാനും ഇക്കാര്യം പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുവാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്നാണ് പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും

വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍(Bus Concession) വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്(Jude Anthany Joseph). കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ജൂഡ് ആന്‍റണിയുടെ വാക്കുകൾ

വൻകിട ഇടപാടുകൾ നടത്തുന്നവർ പോലും രണ്ട് രൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണ്. അത് ചിലവാക്കുമ്പോ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്.

അതേസമയം, വിവാദ കണ്‍സെഷന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്‍റണി രാജു രം​ഗത്തെത്തി. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്‍റെ പ്രസ്താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പ്രസ്താവന മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങൾ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ തിരുത്തും. കൺസെഷൻ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ സൌജന്യം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിലെ എസ്എഫ്ഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. എസ്എഫ്ഐയുമായി താൻ സംസാരിച്ചോളാമെന്നും തന്‍റെ പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകുമെന്നുമാണ് ആന്‍റണി രാജു പറഞ്ഞത്. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കെഎസ്‍യുവിന്‍റേത് രാഷ്ട്രിയ പ്രസ്താവനയാണ്. വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും ആന്‍റണി രാജു പറഞ്ഞു. 

Read Also: 'ബസ് കൺസെഷൻ ഔദാര്യമല്ല, അവകാശം'; രണ്ട് രൂപ കണ്‍സെഷന്‍ നാണക്കേടെന്ന് പറഞ്ഞ മന്ത്രിക്കെതിരെ എസ്എഫ്ഐ