കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിച്ചു, തമിഴ്നാട്ടില്‍ 4 മലയാളികള്‍ മരിച്ചു

By Web TeamFirst Published Sep 9, 2022, 1:10 PM IST
Highlights

അപകടത്തില്‍പ്പെട്ടത് തിരുവനന്തപുരം സ്വദേശികളായ തീര്‍ത്ഥാടക സംഘമാണ്. തീർഥാടക സംഘം സഞ്ചരിച്ച കാറ് അപകടത്തിൽപ്പെടുകയായിരുന്നു. 

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ കാറും ബസും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ചെറുമകന്‍റെ മുടികളയാൻ പളനിയിലേക്ക് പോയ 11 അംഗ സംഘം സഞ്ചരിച്ച ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും.

കുര്യാത്തി റൊട്ടിക്കട സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ഒന്നരവയസുള്ള ആരവ്, അശോകന്‍റെ മകൻ അഭിജിത്തിന്‍റെ അമ്മായിയമ്മ ജയ എന്നിവരാണ് മരിച്ചത്.. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച് ടയര്‍ പൊട്ടിത്തെറിച്ച് പലതവണ കീഴ്മേൽ മറിഞ്ഞ് എതിരേ വന്ന ബസില്‍ കാര്‍ ഇടിച്ചെന്നാണ് പ്രാഥമിക  നിഗമനം. ആരവിന്‍റെ മുടി കളയാൻ പളനിയിലേക്ക് 11 അംഗ സംഘം യാത്ര തിരിച്ചത് ഇന്നലെ രാത്രി ഒമ്പതരയോടെ ഇന്നോവ ടാക്സിയിലാണ്. 

അഭിജിത്തിനും ഭാര്യ സംഗീതയ്ക്കും മൂന്നരവര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. അമ്പലങ്ങളില്‍ അന്നദാനവും നേര്‍ച്ചയും നടത്തി കാത്തിരുന്നു കിട്ടിയ മകന്‍റെ മുടി കളയാൻ പളനിയിൽ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. അപകട വിവരമറിഞ്ഞ് ബന്ധുക്കൾ ദിണ്ഡികലിലേക്ക് തിരിച്ചു.  പരിക്കേറ്റ മറ്റ് ഏഴുപേരുടെ നില ഗുരുതരമല്ല.

പാറശ്ശാലയില്‍ ട്രാവലറിന് പിറകില്‍ കാറിടിച്ചു, ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്, അപകടം പുലര്‍ച്ചെ 3 മണിക്ക്

പാറശ്ശാലയിൽ കുറുംങ്കുട്ടി ചെക്പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്. യാത്രാ പാസിനായി നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന് പിറകിൽ കാര്‍ ഇടിച്ചാണ് പുലര്‍ച്ചെ മൂന്നരയ്ക്ക് അപകമുണ്ടായത്. ഗൾഫിൽ ജോലിചെയ്യുന്ന മകനെ വിമാനത്താവളത്തിൽ കൊണ്ട് വിട്ട് മടങ്ങവെയാണ് കുടുംബത്തിലെ മൂന്ന് പേര്‍ അപകടത്തിൽപ്പെട്ടത്. നാഗര്‍കോവിൽ സ്വദേശികളായ ഷാഹുൽ ഹമീദ്, ഭാര്യ ഷക്കീന, മകൻ അബ്ദുറഹ്മാൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അബ്ദുറഹ്മാന്‍റെ ആരോഗ്യനില ഗുരുതരമാണ്. ഇടിയിൽ കാറിന്‍റെ മുൻവശം തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന അബ്ദുൾ ഹമീദ് ഉറങ്ങിപ്പോയതോ ചെക്പോസ്റ്റിലെ വെളിച്ച കുറവും, ചാറ്റൽ മഴയുമോ ആകാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. 

click me!