
ദില്ലി: ദില്ലിയിലെ മൈദാൻഗർഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ രണ്ടാമത്തെ മകനെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. മൈദാൻഗർഹിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഏകദേശം 45-നും 50-നും ഇടയിൽ പ്രായമുള്ള പ്രേം സിങ്, 24 വയസ്സുള്ള മകൻ ഹൃത്വിക് എന്നിവരുടെ മൃതദേഹങ്ങൾ താഴത്തെ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദേശം 40-നും 45-നും ഇടയിൽ പ്രായമുള്ള ഭാര്യ രജനിയുടെ മൃതദേഹം വായിൽ തുണി കെട്ടിയ നിലയിൽ ഒന്നാം നിലയിൽ നിന്നാണ് കണ്ടെത്തിയത്.
കാണാതായ ഇവരുടെ ഇളയ മകൻ സിദ്ധാർഥിനാണ് മാനസികാസ്വാസ്ഥ്യങ്ങളുള്ളതെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്ന് ലഭിച്ച രേഖകളും മരുന്നുകളും പരിശോധിച്ചതിൽ, കഴിഞ്ഞ 12 വർഷമായി സിദ്ധാർഥ് ചികിത്സയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്ക് അക്രമ സ്വഭാവവും ഒബ്‌സെസീവ് കംപൾസീവ് ഡിസോർഡറും (ഒസിഡി) ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
കത്തികൊണ്ടും ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചും സിദ്ധാർഥാണ് മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. താൻ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി ഈ വീട്ടിൽ താമസിക്കില്ലെന്നും ഇയാൾ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പിതാവ് മദ്യത്തിന് അടിമയായിരുന്നെന്നും വീട്ടിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും ഗ്രാമമുഖ്യൻ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് വീട് സീൽ ചെയ്യുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. സിദ്ധാർഥിനായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam