
റായ്പൂർ: മദ്യത്തിന് പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് കഴിച്ചതിനെ തുടർന്ന് മൂന്നു പേർ മരിച്ചതായി പൊലീസ്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലാണ് സംഭവം. മെയ് 7നാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരാളുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടതെന്ന് റായ്പൂരിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആർകെ മിശ്ര പറഞ്ഞു. പാന്ദ്രി പ്രദേശവാസികളായ മനീഷ് വർമ്മ (37), ദൽവീർ സിംഗ് പർമാർ (25), ബൽവീന്ദർ സിംഗ് (29) എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇവരിൽ മനീഷ് വർമ്മ അയാളുടെ വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്. ബാക്കി രണ്ട് പേർ, ഡോക്ടർ ബി ആർ അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സക്കിടയിലും. കൊവിഡ് മൂലമാണ് മനീഷ് വർമ്മ മരിച്ചതെന്ന് വിശ്വസിച്ച് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് കുടുംബാംഗങ്ങൾ ഇയാളെ സംസ്കരിച്ചത്. എന്നാൽ ബൽവീന്ദർ സിംഗിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മദ്യത്തിലെ വിഷം ആണ് മരണകാരണമെന്ന് കണ്ടത്തിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് പർമാർ മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. മൂവരും ഒരുമിച്ച് മദ്യത്തിന് പകരം ഹോമിയോ മരുന്ന് കഴിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഇവരുടെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കി. അതേ സമയം എന്ത് മരുന്നാണ് ഇവർ കഴിച്ചതെന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സമാനമായ സംഭവം മെയ് 4നും ആറിനും ഇടയിൽ ബിലാസ്പൂരിലും നടന്നിരുന്നു. മദ്യത്തിന് പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോ സിറപ്പ് കഴിച്ച 9 പേരാണ് മരിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam