
ഗ്വാളിയോര്‍: യാത്രക്കാരുമായി പോവുകയായിരുന്നു ബസ് തലകീഴായി മറിഞ്ഞ് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പരിധിയില്‍ കവിഞ്ഞ് ആളുകളെ കയറ്റിപ്പോയ ബസാണ് തലകീഴായി മറിഞ്ഞത്. ദില്ലിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് വരികയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. എട്ട് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 12ല്‍ അധികം ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഗ്വാളിയോര്‍ - ജാന്‍സി ദേശീയ പാതയില്‍ ജൌരാസി ഘാട്ടിന് സമീപത്ത് വച്ചാണ് അപകടം. വളവ് തിരിക്കുന്നതിനിടെ ബസ് തലകീഴായി മറയുകയായിരുന്നു. പരിക്കേറ്റവരെ ഗ്വാളിയോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100ഓളം പേര്‍ ബസിലുണ്ടായിരുന്നതാണ് യാത്രക്കാരിലൊരാള്‍ പറയുന്നത്. ഇവരില്‍ ചിലര്‍ ബസിന് മുകളിലായിരുന്നു ഇരുന്നത്. ദില്ലിയില്‍ നിന്ന മധ്യപ്രദേശിലെ ടികാംഗറിലേക്ക് എത്തിക്കാനായി 700 രൂപയാണ് ഓരോ യാത്രക്കാരനില്‍ നിന്നും ഈടാക്കിയിരുന്നതെന്നും ബസിലെ യാത്രക്കാര്‍ പൊലീസിനോട് വിശദമാക്കി. ഡ്രൈവര്‍ അടക്കമുള്ള ബസിലെ ജീവനക്കാര്‍ മദ്യപിച്ചിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്.
തിങ്കളാഴ്ച രാത്രി രാജസ്ഥാനിലെ ധോല്‍പൂരില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബസ് ജീവനക്കാര്‍ മദ്യപിച്ചെന്നാണ് മൊഴി. ധോല്‍പൂരില്‍ വച്ച് ബസ് ഒരു ട്രെക്കിനെ ഇടിച്ചിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി വ്യാപിച്ചതോടെ ദില്ലിയിലും പരിസരത്തും നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങാനായി കാത്തുനില്‍ക്കുന്നത്. ദേശീയ വ്യാപക ലോക്ക്ഡൌണ്‍ വരുമോയെന്ന ഭയത്താലാണ് ഈ പലായനമെന്നാണ് ഇതരസംസ്ഥാനത്തൊഴിലാളികള്‍ പ്രതികരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam