
ദില്ലി: ഫ്രഞ്ച് നിർമ്മിത മൂന്ന് റഫാൽ ജെറ്റ് വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക്. മൂന്നു വിമാനങ്ങൾ അടങ്ങിയ പുതിയ ബാച്ച് ഇന്ത്യയിൽ ഇന്ന് എത്തും. ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന റഫാൽ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തും. നിലവിൽ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്.
അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തി. സെപ്റ്റംബർ 10ന് നടന്ന ചടങ്ങിൽ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബാക്കി അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിലാണുള്ളത്.
ഫ്രഞ്ച് വിമാന നിർമ്മാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ. 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ.
ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ. 59,000 കോടി രൂപയുടെ കരാറിൽ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam