
മുംബൈ: മഹാരാഷ്ട്രയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് ശിവസേന പ്രവത്തകർ അറസ്റ്റിൽ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞുങ്ങൾക്കായുളള ഐസിയുവിൽ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.
കഴിഞ്ഞ തിങ്കളാഴ്ച്ച കല്യാൺ ഡോംബിവാലി മുൻസിപ്പൽ കോർപറേഷൻ ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനെത്തിയ യുവതിയുടെ കുടുംബത്തോട് ആശുപത്രിയിലെ എൻഐസിയുവിൽ സ്ഥലമില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്നും പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. യുവതിയുടെ ബന്ധുക്കൾ ശിവസേന ഷിൻഡേ വിഭാഗം നേതാവും കോർപ്പറേഷൻ കൗണ്‍സിലറുമായ രമേഷ് മ്ഹാത്രെയെ വിവരമറിയിച്ചു. അനുയായികളോടൊപ്പം ഡോക്ടറുടെ മുറിയിലേക്കെത്തിയ രമേശും ഡോക്ടർമാരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. സംസാരത്തിനിടെ രമേഷും അനുയായികളും ഡോക്ടർ വൈഭവിനെ പലകുറി അടിച്ചു. അതിക്രമം വനിതാ ഡോക്ടർക്ക് നേരെയും ഉണ്ടായി. മൊബൈൽ പിടിച്ചുവാങ്ങാനും ശ്രമിച്ചു. വീണ്ടും ഫോണ്‍ ചെയ്യാൻ ശ്രമിച്ച ഡോക്ടറുടെ ചെവിയിൽ രമേശ് മഹാത്രെ അടിച്ചു. പുരുഷ ഡോക്ടറെ വീണ്ടും മർദിച്ചു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളുമായി കെഡിഎംസി മെഡിക്കൽ ഹെൽത്ത് ഓഫീസർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രാഷ്ട്രീയ സ്വാധീനമുളള രമേശ് മ്ഹാത്രെയ്ക്കെതിരെ രണ്ടു ദിവസത്തിന് ശേഷം പോലീസ് കേസെടുത്തു. അനുയായികളായ അക്ഷയ് കരാൻഡെ, രമേഷ് പവാർ, ഷൈലേഷ് നികം എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam