ആശുപത്രിയിലെ എൻഐസിയുവിൽ ഒഴിവില്ലാത്തതിനാൽ ഒരുയുവതിയുടെ നവജാതശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയുടെയും കുഞ്ഞിന്റെയും ബന്ധുക്കൾ കൗൺസിലറായ രമേശിനെ വിവരമറിയിച്ചു.

മുംബൈ: ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ ശിവസേന നേതാവ് അറസ്റ്റിൽ. ശിവസേന ഷിന്ദേ വിഭാ​ഗം പ്രാദേശിക നേതാവും കോർപ്പറേഷൻ കൗൺസിലറുമായ രമേശ് മാഥ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിലെ കല്യാൺ-ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ശാസ്ത്രി ന​ഗർ ആശുപത്രിയിൽ വനിതാ ഡോക്ടർ ഉൾപ്പെടെയുള്ളവരെ മർദിച്ച സംഭവത്തിലാണ് ശിവസേന നേതാവിനെയും പൊലീസ് പിടികൂടിയത്. ഇതേ കേസിൽ നേരത്തേ മൂന്നുപേർ അറസ്റ്റിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലായ് ആറിനാണ് ശാസ്ത്രിന​ഗർ ആശുപത്രിയിൽ ജീവനക്കാർക്ക് നേരേ ആക്രമണമുണ്ടായത്. ആശുപത്രിയിലെ എൻഐസിയുവിൽ ഒഴിവില്ലാത്തതിനാൽ ഒരുയുവതിയുടെ നവജാതശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയുടെയും കുഞ്ഞിന്റെയും ബന്ധുക്കൾ കൗൺസിലറായ രമേശിനെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലറും കൂട്ടാളികളും ആശുപത്രിയിലെത്തി ബഹളംവെയ്ക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കൗൺസിലറായ രമേശ് യുവഡോക്ടറെ മർദിക്കുന്നതും വനിതാ ഡോക്ടറുടെ കൈയിൽനിന്ന് മൊബൈൽഫോൺ അടിച്ചുവീഴ്ത്തുന്നതും ജീവനക്കാരുടെ തലയിൽ ആശുപത്രിയിലെ ലെഡ്ജറുകൾ ഉപയോ​ഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇത് വിവാദമായതോടെയാണ് കൗൺസിലറെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് വീട്ടിൽനിന്നാണ് ശിവസേന നേതാവിനെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.

അതേസമയം, താൻ വനിതാ ഡോക്ടറെ ആക്രമിച്ചിട്ടില്ലെന്നും സംഭവത്തിൽ മാപ്പ് പറയില്ലെന്നുമായിരുന്നു രമേഷ് മാഥ്രയുടെ പ്രതികരണം. വനിതാ ഡോക്ടറെ ആക്രമിച്ചിട്ടില്ല, അവരുടെ ഫോണിലാണ് അടിച്ചത്. അവർ തങ്ങളുടെ പരാതി കേൾക്കാൻ കൂട്ടാക്കാതിരുന്നതോടെയാണ് ഫോൺ തട്ടിയതെന്നും രമേശ് പറഞ്ഞു. താനും കൂട്ടാളികളും ഒരു അമ്മയുടെയും നവജാതശിശുവിന്റെയും ജീവനാണ് രക്ഷിച്ചതെന്നും മറ്റൊന്നും തനിക്ക് വിഷയമല്ലെന്നും ശിവസേന നേതാവ് കൂട്ടിച്ചേർത്തു.