ബദരിനാഥ് ക്ഷേത്രത്തില്‍ നടന്ന സംഭാവന കൊള്ളയില്‍ ഒരാള്‍ക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. അയോധ്യയിലെ കൊള്ളയില്‍ ക്ഷേത്ര ജീവനക്കാരന്‍ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി.
ദില്ലി: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തില്‍ നടന്ന സംഭാവന കൊള്ളയില്‍ ഒരാള്‍ക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. അയോധ്യയിലെ കൊള്ളയില്‍ ക്ഷേത്ര ജീവനക്കാരന്‍ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി. ഉത്തര്‍ പ്രദേശിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള നടന്ന വിവരങ്ങൽ പുറത്തുവരുന്നത്. ചതുര്‍ധാമങ്ങളിലൊന്നായ ബദരിനാഥില്‍ കാണിക്കയായി ഭക്തര്‍ നല്‍കിയ പണത്തില്‍ വലിയൊരു വിഹിതം നഷ്ചപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എത്ര പണമെന്നത് വ്യക്തമാക്കിയിട്ടില്ല. ഭൈരവ സേനയെന്ന സംഘടന സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലിലാണ് മോഷണം പുറത്തുവന്നത്.
ക്ഷേത്രം നടത്തിയ അന്വേഷണം ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദിയുടെ പെഴ്സണല്‍ അസിസ്റ്റന്‍റ് പ്രമോദ് നൊത്യാലിലെത്തി. തുടർന്ന് പൊലീസില്‍ നല്‍കിയ പരാതിയിലാണ് വിശ്വാസവഞ്ചനക്കും മോഷണത്തിനും കേസെടുത്തത്. ചെയര്‍മാനിലേക്കും മറ്റ് ജീവനക്കാരിലേക്കും അന്വേഷണം നീണ്ടേക്കാം. നാലംഗ പ്രത്യേക അന്വേഷണ സംഘത്തോട് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അയോധ്യയില്‍ പ്രത്യക അന്വേഷണ സംഘം ക്ഷേത്ര ജീവനക്കാരന്‍ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി. ടിന്നു യാദവൊഴികെയുള്ള മറ്റ് പ്രതികള്‍ അവിനാശ് ശുക്ലയുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി. കേസില്‍ നിന്ന് തലയൂരാന്‍ മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയും മുന്‍ ട്രസ്റ്റി അനില്‍ മിശ്രയും പരസ്പരം പഴിചാരിയാണ് മൊഴി നല്‍കിയതെന്ന വിവരവും പുറത്ത് വന്നു.
