ഹോട്ടലുകളിൽ പരിശോധന കർശനമാക്കി തുക്കാറാം മുണ്ടേ; മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് അടക്കം 13 ഭക്ഷണശാലകളുടെ ലൈസൻസ് തെറിച്ചു; അടിമുടി വൃത്തിഹീനം

Published : Aug 22, 2026, 09:03 AM IST
thukaram mundhe

Synopsis

സാമൂഹി​കമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി.

മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, സൗത്ത് മുംബൈയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് തുടങ്ങിയ 13 സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റേതാണ്(എഫ്ഡിഎ) നടപടി.

സാമൂഹി​കമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. 13 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയതിനുമാണ് വിവിധ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കിയത്. മുംബൈയിലെ പ്രശസ്തമായ ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബിലെ റസ്റ്ററന്റിൽ നടത്തിയ പരിശോധനയിൽ ഈച്ചകളെയും ചത്ത പാറ്റകളെയുമാണ് അടുക്കളയിൽ കണ്ടെത്തിയത്. ഭക്ഷണസാധനങ്ങൾക്ക് സമീപം സോപ്പുപൊടിയടക്കമുള്ള രാസവസ്തുക്കൾ സൂക്ഷിച്ചതായും ഇതിനടുത്തായി ചവറ്റുകുട്ടകളും തുപ്പിയതിന്റെ അവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങൾ തറയിൽ വലിച്ചുവാരിയിട്ടതായും പരിശോധനയിൽ കണ്ടെത്തി. ഇറച്ചിയടക്കം സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ റഫ്രിജറേറ്ററുകളിലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കൊളാബയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ തറയിൽ ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ് കണ്ടെത്തിയത്. അടുക്കളയിൽ പാറ്റകളുണ്ടായിരുന്നതായും വൃത്തിഹീനമായ അഴുക്കുപിടിച്ച തുണികളാണ് വൃത്തിയാക്കാനായി ഉപയോ​ഗിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മതിയായ ശീതീകരണ സംവിധാനങ്ങൾ ഇല്ലെന്നും അഴുക്കുപിടിച്ച തുണികളും വൃത്തി​ഹീനമായ പാദരക്ഷകളും കൈകാര്യംചെയ്ത ശേഷം കൈകഴുകാതെയാണ് ജീവനക്കാരൻ ഭക്ഷണമുണ്ടാക്കുന്നതെന്നും കണ്ടെത്തി. യഥാർഥ ചീസിന് പകരം കൃത്രിമ ചീസാണ് ഉപയോ​ഗിച്ചിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു.

ഭക്ഷ്യസുരക്ഷാ വിഭാ​ഗം നടത്തിയ ആദ്യ റെയ്ഡിന് പിന്നാലെ എല്ലാ നിബന്ധനകളും പാലിക്കുന്നതായി കാണിച്ച് മക്ഡൊണാൾഡ്സ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അധികൃതർ നടത്തിയ തുടർപരിശോധനയിൽ മിക്ക വീഴ്ചകളും പരിഹരിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ലൈസൻസ് റദ്ദാക്കിയത്.

മലാദിലെ നൊവാര റസ്റ്ററന്റ്, നരിമാൻ പോയിന്റിലെ സ്റ്റാറ്റസ് റസ്റ്ററന്റ്,ഖർ ജിംഖാന റസ്റ്ററൻസ്, സാന്റാക്രൂസിലെ ബജ്റങ് സ്വീറ്റ് മാർട്ട്, അന്ധേരി വെസ്റ്റിലെ എഎസ്എം ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയ്ക്ക് പുറത്ത് നാ​ഗ്പുരിലെ ഡു ബ്രദേഴ്സ് ഷവർമ, നാസിക്കിലെ ആവന്തി സ്നാക്ക്സ്, അമരാവതിയിലെ പിന്റു യാദവ് സ്വീറ്റ്സ്, ഛത്രപതി സംഭാജി ന​ഗറിലെ പ്രഭാനി-ഛാപൻ ഭോ​ഗ് താലി റസ്റ്ററന്റ്, സ്റ്റാർ ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്കും ലൈസൻസ് നഷ്ടമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി
ഐ ഫോണിന്‍റെ ഇഎംഐയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ദുരന്തം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു