ദില്ലി പൊലീസ് നടപടിക്കെതിരെ പ്രിയങ്ക ഗാന്ധി. തങ്ങളെ നിലത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് മാറാൻ തയ്യാറല്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടത്താനിരുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ ദില്ലി പൊലീസ് നടപടിക്കെതിരെ കടുത്ത രോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. രാജ്യം മുഴുവൻ ഈ അക്രമം കാണുന്നുണ്ടെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ മാറ്റാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. പൊലീസുകാർ എംപിമാരെ മർദിക്കുകയാണെന്നും തന്റെ ശരീരത്തിൽ പരക്കെ പോറലുകൾ ഏൽപ്പിച്ചതായും അവർ ആരോപിച്ചു.
"തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുമതി ചോദിച്ച പാർലമെന്റ് അംഗങ്ങളോട് അവർ പെരുമാറുന്നത് ഇങ്ങനെയാണ്. നമ്മളോട് അവർ പെരുമാറുന്നത് ഇങ്ങനെയാണ്. അവർ എംപിമാരെ മർദിക്കുകയാണ്. പൊലീസുകാർ എന്റെ ശരീരമാസകലം പോറലേൽപ്പിച്ചു. അവർ ഞങ്ങളെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഇനി ഞങ്ങൾ ഇവിടെനിന്ന് മാറാൻ പോകുന്നില്ല. അവർ അവരുടെ സേനയെ തിരികെ കൊണ്ടുവരട്ടെ. ഞാൻ ഇവിടെനിന്ന് ഒരടി മാറില്ല"- പ്രിയങ്ക ഗാന്ധി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എംപിമാർ സഞ്ചരിച്ചിരുന്ന ബസുകൾ ജന്തർ മന്തറിന് 100 മീറ്റർ അകലെ വെച്ച് ദില്ലി പൊലീസ് തടയുകയായിരുന്നു. ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇവരെ തടഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകാൻ അനുമതി ചോദിച്ച ജനപ്രതിനിധികളോട് പൊലീസ് ക്രൂരമായാണ് പെരുമാറിയതെന്ന് നേതാക്കൾ ആരോപിച്ചു. അതേസമയം പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ അടക്കമുള്ള മറ്റ് പ്രതിപക്ഷ നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബലംപ്രയോഗിച്ചാണ് നേതാക്കളെ ബസിലേക്ക് കയറ്റിയത്.


