
മുംബൈ: ഐഫോൺ ഇൻസ്‌റ്റാൾമെന്‍റ് അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 18 വയസ്സുകാരനായ കുനാലും മാതാപിതാക്കളായ മുരളീധറും സംഗീതയുമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ഐഫോൺ വാങ്ങിയ കുനാലിന് അതിന്റെ ഇഎംഐ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ കടുത്ത വഴക്കിനൊടുവിൽ, കുനാൽ സമീപത്തെ തിസ്ഗാവ് മലയുടെ മുകളിൽ കയറി. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും ഫയർഫോഴ്സും യുവാവിനെ രക്ഷപ്പെടുത്താൻ ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചു.
താൻ മരിക്കാൻ പോവുകയാണെന്ന് കുനാൽ ആവർത്തിച്ചു. അമ്മയെ ഓർത്തെങ്കിലും മടങ്ങിവരാൻ മുൻ സർപഞ്ച് സഞ്ജയ് ജാധവ് അടക്കമുള്ളവർ കുനാലിനോട് അപേക്ഷിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചു കൂടിയവരിൽ ഒരാൾ കുനാലിന് ഐ ഫോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതൊന്നും കുനാലിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെ അച്ഛൻ മുരളിധർ മല കയറി കുനാലിന്‍റെ സമീപമെത്തി. അച്ഛൻ മകന്‍റെ കൈപിടിച്ച് വലിച്ചു കയറ്റാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഇരുവർക്കും ബാലൻസ് തെറ്റുകയും രണ്ടു പേരും വലിയൊരു താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ഭർത്താവും മകനും കൺമുന്നിൽ വീണത് കണ്ട മാനസികാഘാതത്തിൽ സംഗീതയും തൊട്ടുപിന്നാലെ മലമുകളിൽ നിന്ന് താഴേക്ക് ചാടി. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam