
ദില്ലി: ടിക്കറ്റ് പരിശോധിച്ചതിന് ശേഷം ടിസി ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്ന് ഫോളോ റിക്വസ്റ്റ് അയച്ചുവെന്ന ട്രെയിൻ യാത്രക്കാരിയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. 'ടിക്കറ്റ് പരിശോധിച്ചു, ശേഷം (ടിക്കറ്റ് ചെക്കര്‍) ടിസി എന്റെ ഇൻസ്റ്റഗ്രാമിൽ എത്തി' എന്ന തലക്കെട്ടോടെയാണ് യുവതി പോസ്റ്റ് പങ്കുവെച്ചത്.
ടിക്കറ്റ് പരിശോധിച്ച ശേഷം ടിസി ഇൻസ്റ്റഗ്രാമിൽ ട്രാക്ക് ചെയ്തെന്നും ഫോളോ റിക്വസ്റ്റ് അയച്ചുവെന്നും യുവതി പറയുന്നു. ഇത് തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നും വ്യക്തിഗത വിവരങ്ങൾ എങ്ങനെയാണ് ഇതിന് ഉപയോഗിച്ചതെന്ന് അത്ഭുതപ്പെട്ടുവെന്നും അവർ കുറിച്ചു. "റിസർവേഷൻ ചാർട്ടിൽ നിന്നാണ് അയാൾക്ക് എന്റെ പേര് കിട്ടിയതെന്ന് ഊഹിക്കുന്നു. ഇത് വ്യക്തിപരമായ വിവരങ്ങളാണ്. യാത്രയ്ക്കായി യാത്രക്കാർ നൽകുന്ന സ്വകാര്യ വിവരങ്ങൾ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത് ഭയപ്പെടുത്തുന്നതാണ്" എന്നും അവർ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് പലരും അഭിപ്രായപ്പെട്ടു. റെയിൽവേ ജീവനക്കാർ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്താൽ യാത്രക്കാർ എത്രത്തോളം അരക്ഷിതരാകുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു. "ദയവായി ഫോളോ റിക്വസ്റ്റ് സ്വീകരിക്കരുത്, നിങ്ങൾ അത് സ്വീകരിച്ചാൽ ഇൻബോക്‌സ് സന്ദേശങ്ങൾ കൊണ്ട് നിറയും," എന്ന് ഒരാൾ മുന്നറിയിപ്പ് നൽകി. "ഇത് തികച്ചും വിചിത്രമായ കാര്യമാണ്. ഇത്തരം കാര്യങ്ങൾ ഇതിനുമുമ്പ് കേട്ടിട്ടില്ല" എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. ഈ സംഭവം അതിര് കടന്നതാണെന്നായിരുന്നു പലരുടെയും പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam