
ദില്ലി: എ.ഐ.എം.ഐ.എം. നേതാവ് അസാദുദ്ദീൻ ഒവൈസിക്ക് Z കാറ്റഗറി സുരക്ഷ ഏർപ്പാടാക്കിയതായി റിപ്പോർട്ടുകൾ. യുപിയിൽ വച്ച് ഒവൈസിക്ക് നേരെ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സുരക്ഷ വർധിപ്പിച്ചതെന്നാണ് സൂചന. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് വ്യക്തികൾക്ക് സുരക്ഷ ഏർപ്പൊടുക്കുന്നത്. ഇൻ്റലിജൻസ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് സാധാരണ ഗതിയിൽ വ്യക്തികൾക്ക് സുരക്ഷ ഏർപ്പാടാക്കാറുള്ളത്.
ഉത്തര്‍പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്തെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് അറിയിച്ചിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെ ഹാപ്പൂരിലെ ടോൾ പ്ലാസിക്ക് സമീപമാണ് ആക്രമണം നടന്നത്. ട്വിറ്ററിലൂടെ ഒവൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാലുപേരുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും ഒവൈസി പറഞ്ഞു. രണ്ടു ബുള്ളറ്റുകള്‍ കാറില്‍ തറച്ചുവെന്നും ടയറുകൾ പഞ്ചറായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ ദില്ലിക്ക് തിരിച്ചതായും ഒവൈസി വ്യക്തമാക്കി.
മീററ്റിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നിതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയെന്നും കൂടുതൽ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും യുപി പൊലീസ് വ്യക്തമാക്കി. അതേസമയം ആക്രമണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഒവൈസി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒരു എംപിക്ക് സുരക്ഷ ഉറപ്പാക്കാൻ പോലും യുപി പൊലീസിന് ആകുന്നില്ല പ്രതിപക്ഷം വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam