കൊവിഡ് വ്യാപനം തടയാന്‍ മാസ്ക് ധരിക്കുന്നതിനെ പരിഹസിച്ച് വീഡിയോകള്‍ ചെയ്ത ഇരുപത്തിയഞ്ചുകാരനും രോഗബാധയേറ്റു

By Web TeamFirst Published Apr 12, 2020, 6:26 PM IST
Highlights

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ടിക് ടോക് സെലിബ്രിറ്റിയായ യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.  ഐസൊലേഷനില്‍ ഇരുന്നും സമാന രീതിയിലുള്ള വീഡിയോകള്‍ യുവാവ് ചെയ്തതോടെയാണ് ഇയാളുടെ ഫോണ്‍ ആശുപത്രി അധികൃതര്‍ വാങ്ങി വയ്ക്കുകയായിരുന്നു

ഭോപ്പാല്‍: കൊവിഡ് വ്യാപനം തടയാന്‍ മാസ്ക് ധരിക്കുന്നതിനെ പരിഹസിച്ച് വീഡിയോകള്‍ ചെയ്ത ഇരുപത്തിയഞ്ചുകാരന് കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ടിക് ടോക് സെലിബ്രിറ്റിയായ യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഐസോലേഷനില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ കയ്യില്‍ നിന്നും ആശുപത്രി അധികൃതര്‍ ഫോണ്‍ വാങ്ങിവച്ചു. ഐസൊലേഷനില്‍ തെറ്റിധരിപ്പിക്കുന്ന കൂടുതല്‍ വീഡിയോകള്‍ തയ്യാറാക്കാതിരിക്കാനുള്ള മുന്‍ കരുതലായാണ് നടപടി. 

ഇയാളുടെ ആരോഗ്യ സ്ഥിതി ആശങ്കാ ജനകമല്ലെന്ന് സാഗറിലെ ബന്ധേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദമാക്കിയത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചതിന് പിന്നാലെ മനപ്പൂര്‍വ്വം മാസ്ക് ധരിക്കുന്നതിനേക്കുറിച്ച് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ഇയാള്‍ ടിക് ടോക് വീഡിയോകള്‍ ചെയ്തിരുന്നു. റോഡില്‍ ബൈക്കിലിരിക്കുമ്പോള്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുന്നയാളോട് ഈ ചെറിയ തുണിയെ എന്ത് വിശ്വസിക്കാനാണ്, ദൈവത്തില്‍ വിശ്വസിച്ചാല്‍ മാത്രം മതിയെന്നായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞത്.മാസ്ക് വലിച്ചെറിഞ്ഞ ശേഷം പാട്ടുംപാടി പോകുന്നതുമായ ഇയാളുടെ മറ്റൊരു വീഡിയോയും ടിക്ടോകില്‍ ഏറെ പ്രചരിച്ചിരുന്നു. 

ചുമയും പനിയും ബാധിച്ച് വെള്ളിയാഴ്ചയാണ് ഇയാള്‍ ചികിത്സാ സഹായം തേടിയത്. സാഗര്‍ ജില്ലയിലെ ആദ്യ കൊവിഡ് രോഗി കൂടിയാണ് യുവാവ്. ഇയാള്‍ മറ്റിടങ്ങളിലേക്ക് സഞ്ചരിച്ചിട്ടില്ലന്നാണ് വിവരം. ഐസൊലേഷനില്‍ ഇരുന്നും സമാന രീതിയിലുള്ള വീഡിയോകള്‍ യുവാവ് ചെയ്തതോടെയാണ് ഇയാളുടെ ഫോണ്‍ ആശുപത്രി അധികൃതര്‍ വാങ്ങി വയ്ക്കുകയായിരുന്നു.

click me!