
ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് പോകാന്‍ സമയമായെന്ന് രാജിവെച്ച നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധിക്ക് മാര്‍ച്ച് ഒമ്പതിന് നല്‍കിയ രാജിക്കത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് അംഗമാണ്. ഇപ്പോള്‍ പോകാന്‍ സമയമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ ഞാന്‍ രാജിവെക്കുകയാണെന്ന് വിനയപൂര്‍വം അറിയിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ ഈ പാതയിലാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. എന്‍റെ രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങളെ സേവിക്കുന്നത് ഞാന്‍ തുടരും. കോണ്‍ഗ്രസില്‍ നിന്ന് ജനസേവനം സാധ്യമല്ലെന്ന വിശ്വാസത്താലാണ് രാജി വെക്കുന്നത്. എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ പാര്‍ട്ടിയോടും സഹപ്രവര്‍ത്തകരോടും നേതാക്കളോടും എനിക്ക് നന്ദിയുണ്ട്- 49 കാരനായ സിന്ധ്യ രാജിക്കത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും വിശ്വസ്ത നേതാക്കളിലൊരാളായിരുന്നു സിന്ധ്യ. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സിന്ധ്യയാണ്. എന്നാല്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥാണ് മുഖ്യമന്ത്രിയായത്. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യ തോല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പാര്‍ട്ടിയില്‍ കമല്‍നാഥ്-സിന്ധ്യ പോരാട്ടം കനക്കുന്നത്. കമല്‍നാഥ് പിസിസി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിനെ സിന്ധ്യ എതിര്‍ത്തിരുന്നു. രാജ്യസഭ എംപി സ്ഥാനത്തെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയിലാണ് സിന്ധ്യയുടെ അപ്രതീക്ഷിത നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam