ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

By Web TeamFirst Published Mar 10, 2020, 11:18 AM IST
Highlights

ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കൂടിക്കാഴ്ചയിൽ അമിത് ഷായും ഒപ്പമുണ്ടെന്നാണ് വിവരം.

ഭോപ്പാല്‍: പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. സംസ്ഥാനത്ത് നിര്‍ണായക സാന്നിധ്യവും കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ യുവനേതാക്കളില്‍ പ്രമുഖനുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ രാജി വെക്കാനൊരുങ്ങുന്നു. നിലവില്‍ ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കൂടിക്കാഴ്ചയിൽ അമിത് ഷായും ഒപ്പമുണ്ടെന്നാണ് വിവരം. അതിനിടെ സിന്ധ്യയെ  മധ്യപ്രദേശിലെ ബിജെപി മുന്‍ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാൻ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും പൊട്ടിത്തെറി രൂക്ഷമാകുകയാണ്. മധ്യപ്രദേശ് സർക്കാരിനെ സമ്മർദത്തിലാക്കി 6 മന്ത്രിമാർ ഉൾപ്പടെ 20 എൽഎഎമാരെ ബംഗലുരുവിലേക്ക് മാറ്റിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളെയാണ് മാറ്റിയത്. സിന്ധ്യയും കൂട്ടരും ബിജെപിയിലേക്ക് പോയേക്കുമെന്ന സൂചനക്കിടെ അടിയന്തര മന്ത്രിസഭ, പാർട്ടി യോഗങ്ങൾ വിളിച്ച മുഖ്യമന്ത്രി കമൽനാഥ് മധ്യപ്രദേശ് പി സി സി അധ്യക്ഷ സ്ഥാനവും, രാജ്യസഭ സീറ്റും സിന്ധ്യക്ക് വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.

മധ്യപ്രദേശ് സർക്കാർ അട്ടിമറി നീക്കത്തിനിടെ ബിജെപി അടിയന്തര യോയോഗം വിളിച്ചു. ഭോപ്പാലിൽ നടക്കുന്ന യോഗത്തില്‍ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനടക്കുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ ചൗഹാൻ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

സംസ്ഥാനത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന്‍റെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയുന്നതിലും വിജയത്തിലേക്കെത്തിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷത്തില്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ അനുകൂലിക്കേണ്ടിയും വന്നു സിന്ധ്യയ്ക്ക്. 15 മാസത്തെ കോണ്‍ഗ്രസ് ഭരണത്തിനിടയിലും സിന്ധ്യയുടെ പലനീക്കങ്ങളെയും സംസ്ഥാനത്തെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ ദിഗ്വിജയ് സിംഗും കമല്‍ നാഥും തടയുകയായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രശ്നങ്ങളിലും  അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയും ഇടപെടണമെന്ന് നേരത്തെ സിന്ധ്യ ഹൈക്കമാന്‍റിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികളുണ്ടായില്ല. ഇതിന് പിന്നാലെയാണ് രാജിക്കൊരുങ്ങുന്നതും ബിജെപിയിലേക്ക് കളംമാറ്റിച്ചവിട്ടാനും സിന്ധ്യയൊരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളുടെ വിംഗില്‍ ഉള്‍പ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ കളംമാറ്റിച്ചവിട്ടിയാല്‍ കോണ്ഡഗ്രസിലെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും ഉണ്ടാകുക. 

അതേ സമയം അനുനയിപ്പിച്ച് ഒപ്പം നിർത്താനുള്ള  കോൺഗ്രസ് ശ്രമങ്ങളോട് മുഖം തിരിച്ച് നില്‍ക്കുകയാണ് സിന്ധ്യ. പിസിസി അധ്യക്ഷ പദവിക്കൊപ്പം രാജ്യസഭ സീറ്റും നൽകാമെന്ന് വാഗ്ദാനങ്ങളെല്ലാം അദ്ദേഹം നിരസിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. 230 അംഗ നിയമസഭയിൽ കോൺഗ്രസ് 113, ബിജെപി 107, ബി എസ് പി 2, എസ് പി ഒന്ന്, സ്വതന്ത്രർ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. 

"

മധ്യപ്രദേശിൽ കോൺഗ്രസ് വിയർക്കുന്നു; ജ്യോതിരാദിത്യ ക്യാമ്പിലെ 19 എംഎൽഎമാരെ കടത്തി

 

 

 

 

click me!