
ദില്ലി: ഉത്തരാഖണ്ഡിലെ പ്രളയത്തിനിടെ തുരങ്കത്തിൽ നിന്ന് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് രക്ഷപ്പെടുത്തിയ 16 പേരിൽ ഒരാളാണ് സുനില് ദ്വിവേദി. ചമോലി ജില്ലയിലെ ധാക്ക് ഗ്രാമവാസിയാണ് സുനിൽ. ആളുകൾ പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് അലറി വിളിക്കുമ്പോൾ ഞങ്ങൾ തുരങ്കത്തിനുള്ളിൽ ജോലിയിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആലോചിച്ച് ഞങ്ങൾ അത്ഭുതപ്പെട്ടു. നിമിഷനേരംകൊണ്ട് തുരങ്കത്തിലേക്ക് വെള്ളം ഇരച്ചുകയറി. ഞങ്ങൾക്ക് പുറത്തുവരാനായില്ല. തുരങ്കത്തിന് മുന്നൂറ് മീറ്റർ ഉള്ളിലായിരുന്നു ഞങ്ങൾ.
ഞങ്ങൾ സീലിംഗില് ഘടിപ്പിച്ചിട്ടുള്ള ഇരുമ്പ് കമ്പികളിൽ തൂങ്ങി നിന്നു. ഒരു മണിക്കൂറോളം ആ നിൽപ്പ് നിന്നു. - ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സുനിൽ ഓർമ്മിച്ചെടുത്തു. ഇനി ഒരിക്കലും പ്രിയപ്പെട്ടവരെ കാണലുണ്ടാകില്ലെന്ന് ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് തോന്നി. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ, വെള്ളം കുറയാൻ തുടങ്ങി, ഞങ്ങൾ പതിയെ താഴേക്ക് ഇറങ്ങി. വലിയ കല്ലുകളിൽ കയറി നിന്ന് മുന്നിലേക്ക് നടന്നു. ഈ സമയം ശ്വാസമെടുക്കാൻ പോലും പ്രയാസമായിരുന്നു. അപ്പോഴാണ് തുരങ്കത്തിൽ ചെറിയ വിള്ളൽ കണ്ടത്.
അതിലൂടെ അൽപ്പം ശുദ്ധവായു ലഭിക്കാൻ ശ്രമം നടത്തി. ഞങ്ങൾ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്ന നിമിഷം ആയിരുന്നു അത്. രക്ഷപ്പെടുമെന്ന പ്രതീക്ഷ മനസ്സിൽ നിറഞ്ഞു. അവിടെ മൊബൈൽ ഫോണിന് നെറ്റ്‍വർക്ക് ലഭിച്ചു, ദൈവത്തിന് നന്ദി. മറ്റൊരു ജോലിക്കാരന് ഒരു ഫോൺ കോൾ വന്നു. ഞങ്ങൾ എൻടിപിസി സൂപ്പർവൈസറെ വിളിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഐടിബിപി ജവാൻമാരെത്തി തുരങ്കത്തിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തി. - സുനിൽ വിശദമാക്കി. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ഉടൻ ആശുപത്രിയിലെത്തിച്ചു. പ്രളയം നടന്ന സ്ഥലങ്ങളിൽ അർദ്ധരാത്രിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു.
അതേസമയം ഉത്തരാഖണ്ഡിലെ പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനം ഇന്നും തുടരും. കൂടുതൽ സംഘങ്ങൾ ഇന്ന് സ്ഥലത്തെ തെരച്ചിലിനെത്തും. അണക്കെട്ടിലെ രണ്ടാമത്തെ sണലിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. 170 പേരെ കൂടെയാണ് ഇനി കണ്ടെത്താനുള്ളത്.
മണ്ണും ചെളിയും നീക്കാൻ പ്രളയമേഖലയിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചു. ടണലിലെ ചെളി നീക്കി രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ഡെറാഡൂണിൽ എത്തിയ രക്ഷാപ്രവർത്തക വിദഗ്ധരെ രാവിലെയോടെ വ്യോമ മാർഗം ചമോലിയിൽ എത്തിക്കും. സംഭവിച്ചത് മഞ്ഞിടിച്ചിൽ തന്നെയാണോ എന്ന് പരിശോധിക്കാൻ വിദഗ്ധർ ഇന്ന് എത്തും. ഉത്തരാഖണ്ഡിൽ ഉണ്ടായത് ഗ്ലോഫ് ആണോ മഞ്ഞിടിച്ചിൽ ആണോ എന്നതിലാണ് സംശയം. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായത് പൊട്ടുന്നതാണ് ഗ്ലോഫ്. ഡെറാഡൂണിലെ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഇന്ന് രണ്ട് സംഘത്തെ അയക്കും. പ്രാഥമിക സാറ്റലൈറ്റ് പരിശോധനയിൽ ഗ്ലോഫ് കണ്ടെത്താനായില്ല. കൂടുതൽ വ്യക്തതയുള്ള സാറ്റ് ലൈറ്റ് ചിത്രങ്ങൾ വിദഗ്ധർ പരിശോധിക്കുന്നുണ്ട്.
നദിയിലെ വെള്ളം ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. വൈദ്യുതി പദ്ധതിയുടെ തുരങ്കങ്ങളിലൊന്നിലാണ് 30 പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നതെന്നാണ് വിവരം. ആറു ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ കാണാതായവരിൽ രണ്ടു പൊലീസുകാരും ഉൾപ്പെടുന്നതായാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam