'സ്വന്തം ആരോഗ്യം നോക്കണം, കുടുംബത്തിന് മുൻഗണന നൽകണം'; സജീവ രാഷ്ട്രീയം അവസാനിപ്പിക്കാൻ പ്രദ്യോത് ദേബ്ബർമ

Published : Oct 07, 2026, 10:49 PM IST
Pradyot Deb Barma

Synopsis

തിപ്ര മോത പാർട്ടി സ്ഥാപകൻ പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. അടുത്ത മാസത്തിന് ശേഷം താൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അഗർത്തല: ത്രിപുര രാജകുടുംബാംഗവും തിപ്ര മോത പാർട്ടി സ്ഥാപകനുമായ പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. അടുത്ത മാസത്തിന് ശേഷം താൻ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലെന്ന് പ്രദ്യോത് ദേബ്ബർമ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടന്ന വില്ലേജ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ തിപ്ര മോത പാർട്ടി വൻ വിജയം നേടിയതിന് പിന്നാലെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമയുടെ പ്രഖ്യാപനം. സ്വന്തം ആരോഗ്യത്തിനും കുടുംബത്തിനും മുൻഗണന നൽകാനാണ് വർഷങ്ങൾ നീണ്ട പൊതുപ്രവർത്തനത്തിന് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേബ്ബർമ പറഞ്ഞു. ഇതൊരു താൽക്കാലിക പിന്മാറ്റമോ വൈകാരികമായ തീരുമാനമോ അല്ലെന്നും പൂർണമായും ആലോചിച്ചെടുത്ത സ്ഥിരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുക എന്നതായിരുന്നു തന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് ദേബ്ബർമ പറഞ്ഞു. രാഷ്ട്രീയമായി വലിയൊരു നേട്ടത്തിൽ നിൽക്കുമ്പോഴും വർഷങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നയപരമായ ചർച്ചകളും വലിയ ഉത്തരവാദിത്തങ്ങളും തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സജീവ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള തീരുമാനം തന്നെ ത്രിപുരയിൽ നിന്നോ ജനങ്ങളിൽ നിന്നോ അകറ്റില്ലെന്നും ദേബ്ബർമ പറഞ്ഞു. ജനങ്ങളുമായി എപ്പോഴും സമ്പർക്കം പുലർത്തുമെന്നും അവരുടെ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടിയുള്ള ശബ്ദമായി തുടരുമെന്നും ദേബ്ബർമ വ്യക്തമാക്കി.

ബ്രൂ അഭയാർത്ഥി പ്രശ്നപരിഹാരവും തിപ്രസ കരാറിനായുള്ള പോരാട്ടവും തന്റെ പൊതുജീവിതത്തിലെ സുപ്രധാന നാഴികക്കല്ലുകളാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു വ്യക്തിയേക്കാളും രാഷ്ട്രീയ പാർട്ടിയേക്കാളും വലുതാണ് തിപ്രസ കരാറെന്ന് പറഞ്ഞ അദ്ദേഹം, നിശ്ചിത സമയത്തിനുള്ളിൽ ഇത് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയും നൽകിയ ഉറപ്പുകൾ രാഷ്ട്രീയ കാരണങ്ങളാൽ വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് 2019ലാണ് പ്രദ്യോത് കിഷോർ മാണിക്യ ദേബ്ബർമ തിപ്ര മോത പാർട്ടി രൂപീകരിച്ചത്. 2021ൽ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണോമസ് ഡിസ്ട്രിക്റ്റ് കൗൺസിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ മികച്ച പ്രകടനം നടത്താൻ പാർട്ടിക്ക് കഴിഞ്ഞു. 2023ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 60ൽ 13 സീറ്റുകളിൽ വിജയം നേടിയിരുന്നു. തൊട്ടടുത്ത വർഷം തിപ്ര മോത പാർട്ടി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കൊപ്പം സഖ്യത്തിലേർപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം
ദില്ലി പ്രതിപക്ഷ പ്രതിഷേധം: രാഹുൽ ​ഗാന്ധിയെയും പ്രിയങ്ക ​ഗാന്ധിയെയും വിട്ടയച്ച് പൊലീസ്; നാളെയും പ്രതിഷേധം ആലോചിക്കുമെന്ന് കെസി വേണുഗോപാൽ