തിരുച്ചിറപ്പള്ളി കുഴല്‍ക്കിണര്‍ അപകടം: സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തൽക്കാലികമായി നിർത്തിവച്ചു

By Web TeamFirst Published Oct 28, 2019, 6:37 AM IST
Highlights

താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറ കാണുന്നത് സമാന്തര കിണര്‍ നിര്‍മ്മാണത്തിന് പ്രതിസന്ധി

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി രണ്ട് മീറ്റർ അകലെ സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തൽക്കാലം നിർത്തിവച്ചു. വലിയ കാഠിന്യമേറിയ പാറക്കെട്ടുകള്‍ കിണര്‍ നിര്‍മ്മാണത്തിന് തടസമായതിനെത്തുടര്‍ന്നാണ് ശ്രമം തൽക്കാലം നിര്‍ത്തി വെച്ചത്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ കൈകൊള്ളും. 

വേഗത്തില്‍ കിണര്‍ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവർത്തനം നടന്നത്. ആദ്യ ഇരുപത് അടി പിന്നിട്ടപ്പോള്‍ പാറകള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. സമാന്തരമായി തുരങ്കം നിര്‍മ്മിച്ച് ഇതിലൂടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5 മണിവരെ കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം കാര്യമായ പ്രതികരണമുണ്ടായിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 

കുഴൽക്കിണർ അപകടം: കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

നേരത്തെ ഹൈഡ്രോളിക് സംവിധാനം വഴി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമം നടന്നിരുന്നു എന്നാല്‍ ഇത് വിജയിച്ചില്ല. പിന്നാടാണ് സമാന്തരമായി കിണര്‍ കുഴിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചത്.  അതിനിടെ കുട്ടിയെ ഇന്ന് തന്നെ പുറത്ത് എത്തിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ സെൽവം. തമിഴ്നാട്ടിൽ ഉപയോഗ ശ്യൂനമായതും തുറന്ന് കിടക്കുന്നതുമായ മുഴുവൻ കുഴൽ കിണറുകളുടേയും കണക്ക് എടുക്കുമെന്നും കർശന നടപടിയുണ്ടാകും. ദേശീയ ദുരന്തനിവാരണ സേന പരമാവധി വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും  ഇക്കാര്യത്തിൽ പരാതി ഉന്നയിക്കേണ്ട സ്ഥിതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!