തിരുച്ചിറപ്പള്ളി: കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക. കഴിഞ്ഞ മണിക്കൂറുകളിലെ കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"പുലർച്ചെ അഞ്ച് മണി വരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു. പിന്നീട് കുട്ടിയുടെ യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. ഓക്സിജൻ എത്തിക്കുന്നത് തുടരുന്നുണ്ട്. പുലർച്ചയോടെ കുട്ടിയെ പുറത്ത് എത്തിക്കാനാകുമെന്നാണ് കരുതുന്നത്," മന്ത്രി പറഞ്ഞു.

അതേസമയം അപകടം നടന്ന കുഴൽക്കിണർ എട്ട് വർഷം മുൻപ് മണ്ണിട്ട് മൂടിയതാണെന്നും ഇവിടെ ചോളം കൃഷി ചെയ്ത് വരികയായിരുന്നുവെന്നും കുട്ടിയുടെ അച്ഛൻ വിൽസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മഴ പെയ്തപ്പോൾ മണ്ണ് നീങ്ങി കുഴി വീണ്ടും ഉണ്ടായതാകാമെന്നും മകൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കുഴൽക്കിണറിന് ഒരു മീറ്റർ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം നാഗപട്ടണത്ത് നിന്ന് എത്തിച്ചു. 

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുക്കുന്നത്. പുലർച്ചെ ആറ് മണി മുതലാണ് സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയത്. എന്നാൽ, ഇത് പ്രാവർത്തികമായില്ലെങ്കിൽ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്. ഇത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇവിടെയുണ്ട്. ചീഫ് സെക്രട്ടറിയും അപകട സ്ഥലത്ത് ക്യാംപ് ചെയ്തിരിക്കുകയാണ്.