Asianet News MalayalamAsianet News Malayalam

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി മുകേഷ് അംബാനി: അന്നദാനത്തിന് വൻതുക കാണിക്ക നൽകി

1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന് ശേഷം അദ്ദേഹം ദേവസ്വം ഭാരവാഹികൾക്ക് കൈമാറി. അന്നദാനഫണ്ടിലേക്കാണ് തുക നൽകിയത്

Mukesh ambani Visited Guruvayur Temple
Author
First Published Sep 17, 2022, 6:16 PM IST

ഗുരുവായൂര്‍: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന് ശേഷം അദ്ദേഹം ദേവസ്വം ഭാരവാഹികൾക്ക് കൈമാറി. അന്നദാനഫണ്ടിലേക്കാണ് തുക നൽകിയത്. മുകേഷിനൊപ്പം മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചൻ്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു. 

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെര്‍ച്ചൻ്റും ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത മുകേഷ് പിന്നീട് ഒന്നരക്കോടിയുടെ ചെക്ക് അവിടെ കാണിക്കയായി സമര്‍പ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലും മുകേഷ് ദര്‍ശനം നടത്തിയിരുന്നു. 

ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ഗുരുവായൂ‍ര്‍ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ. പി.വിനയൻ എന്നിവർ ചേർന്ന് അംബാനിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഗുരുവായൂരിലേക്ക് വന്നിട്ട് കുറച്ചു കാലമായെന്നും ഇടവേളയ്ക്ക് ശേഷം വീണ്ടും വരാനായതിൽ സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെ ദര്‍ശനം നടത്തിയ മുകേഷ് നമസ്ക്കാര മണ്ഡപത്തിന് സമീപത്തെ വിളക്കിൽ പ്രാ‍ര്‍ത്ഥനാ പൂര്‍വ്വം നെയ്യ്അര്‍പ്പിച്ചു.

ദേവസ്വം ഭാരവാഹികൾ  മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റ് സമ്മാനമായി നൽകി. ക്ഷേത്ര കാര്യങ്ങൾ എല്ലാം ചെയർമാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി.  20 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ചെയർമാൻ ഡോ: വി.കെ. വിജയൻ ദേവസ്വത്തിൻ്റെ ഉപഹാരവും സമ്മാനിച്ചു. 

Follow Us:
Download App:
  • android
  • ios