പൊലീസ്-അഭിഭാഷക തർക്കത്തിൽ പൊലീസിന് തിരിച്ചടി; ജുഡീഷ്യൽ അന്വേഷണം വേണ്ടെന്ന ആവശ്യം തള്ളി

By Web TeamFirst Published Nov 6, 2019, 8:54 PM IST
Highlights

ദില്ലിയിലെ പൊലീസ് അഭിഭാഷക തര്‍ക്കത്തില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പൊലീസിന്‍റെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളി.

ദില്ലി: ദില്ലി കോടതികളിലെ സംഘര്‍ഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പൊലീസിന്‍റെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളി. സാകേത് കോടതിയിൽ പൊലീസിനെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ എഫ്ഐആര്‍ എടുക്കേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതടക്കം പൊലീസ് മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും കോടതി തള്ളി. പൊലീസിനെതിരെ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തിൽ സാകേത് കോടതിയിലും റോഹിനി കോടതിയിലും സംഘര്‍ഷമുണ്ടായി.

പൊലീസും അഭിഭാഷകരും തമ്മിൽ ദില്ലിയിൽ തുടരുന്ന കലാപത്തിന് അഞ്ചാം ദിവസവും അയവില്ല. പൊലീസ് മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും തള്ളി, അഭിഭാഷകര്‍ക്ക് അനുകൂലമായ ഉത്തരവുകൾ ദില്ലി ഹൈക്കോടതി പുറപ്പെടുവിക്കുകയും ചെയ്തു. സാകേത്, തീസ്ഹാരി കോടതികളിലെ അക്രമത്തിൽ ജുഡീഷ്യൽ വേണ്ടെന്ന പൊലീസിന്‍റെ ആവശ്യം തള്ളി.

ജുഡീഷ്യൽ അന്വേഷണത്തിൽ നീതി കിട്ടുമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ പരാതി. സാകേത് കോടതിയിൽ പൊലീസുകാരനെ അടിച്ച അഭിഭാഷകരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കോടതി പറഞ്ഞു.

കോടതി തീരുമാനം വലിയ അമര്‍ഷമാണ് പൊലീസ് സേനയിൽ ഉണ്ടാക്കിയിരിക്കുന്നത്. പൊലീസുകാര്‍ വീണ്ടും സമരത്തിനിറങ്ങാനുള്ള സാധ്യത തള്ളാനാകില്ല. അഭിഭാഷകര്‍ക്കെതിരെ യാതൊരു നടപടിയും പാടില്ലെന്ന് ബാര്‍ കൗണ്‍സിൽ ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു. പൊലീസുകാരുടെ 11 മണിക്കൂര്‍ സമരത്തിന് പിന്നാലെ ഇന്ന് കോടതികളിലേക്ക് ആരെയും കയറ്റാതെയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. കോടതി ഗേറ്റുകൾ തള്ളിതുറക്കാൻ ജനങ്ങൾ ശ്രമിച്ചത് സാകേത് കോടതിയിൽ ചെറിയ സംഘര്‍ഷത്തിന് കാരണമായി.

സമരത്തെ തുടര്‍ന്ന് കോടതിയിലേക്ക് കയറാനാകാതെ പലര്‍ക്കും മടങ്ങേണ്ടിവന്നു. ജനങ്ങളെ ഇളക്കിവിട്ട് അക്രമം ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നായിരുന്നു അഭിഭാഷകരുടെ പരാതി.

രോഹിണി കോടതിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. പൊലീസിന് പിന്നാലെ കോടതികൾ സ്തംഭിച്ച് അഭിഭാഷകരും രംഗത്തിറങ്ങിയതോടെ സ്ഥിതി അതിസങ്കീര്‍ണമാവുകയാണ്.

click me!