
ഭോപ്പാൽ: സഹപ്രവർത്തകരുടെ അപവാദ പ്രചാരണത്തിനെതിരെ കുറിപ്പെഴുതി വച്ച് രണ്ട് സർക്കാർ ജീവനക്കാർ ജീവനൊടുക്കി. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.
ഇരുവരും രാത്രിയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മിഥുന്‍റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സംഘം കിണറിനരികെ എത്തിയത്. മൊബൈല്‍ ഫോണും ബൈക്കും ചെരിപ്പുകളും കിണറിനരികിൽ നിന്ന് കണ്ടെത്തി. തുടർന്ന് കിണറ്റിൽ നിന്നുമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് രണ്ട് പേരുടെയും വീടുകളിൽ തെരച്ചിൽ നടത്തി. രജനിയുടെ വീട്ടില്‍ നിന്നും സഹപ്രവർത്തകർക്ക് എതിരായ കുറിപ്പ് കണ്ടെത്തി. മിഥുന്‍ തനിക്ക് മകനെ പോലെയാണെന്നും എന്നാല്‍ സഹപ്രവര്‍ത്തകര്‍ വഴിവിട്ട ബന്ധമാണെന്ന് പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു. സഹപ്രവര്‍ത്തകരുടെ അപവാദ പ്രചാരണം കാരണം വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. അഞ്ച് സഹപ്രവർത്തകരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചു. ഇരുവരും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.
രജനി കുറിപ്പിൽ പരാമർശിച്ചവരെ ചോദ്യംചെയ്യുമെന്ന് എസ്ഡിഒപി സുനിൽ ലത പറഞ്ഞു. രണ്ട് പേരുടെയും ഫോണ്‍ രേഖകൾ പരിശോധിക്കും. രജനിയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. ഇവർക്ക് ഒരു മകനും രണ്ട് പെണ്‍മക്കളുമുണ്ട്. മകന്റെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണ സംഭവമുണ്ടായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056