
ബെംഗളുരു: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി (പി എഫ് ഐ) കൂട്ടുകൂടിയാണ് കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന ആരോപണവുമായി ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ രംഗത്ത്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി എസ് ഡി പി ഐ പോലുള്ള പാർട്ടികളുമായി കോൺഗ്രസ് കൂട്ടുകൂടുകയാണ്. ഇതുവഴി നിരോധിത സംഘടനയായ പി എഫ് ഐയുടെ സഹായമാണ് കോൺഗ്രസ് തേടുന്നതെന്നും അണ്ണാമലൈ ട്വിറ്ററിലൂടെ ആരോപിച്ചു.
തീവ്രവാദികൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയതിൽ ഒരാളെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയെന്നും ബി ജെ പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ അഖണ്ഡതയെക്കുറിച്ച് ഒരു വശത്ത് പ്രസംഗിക്കുന്നവരാണ് ഇത്തരത്തിലുള്ളവരെ സ്ഥാനാർഥിയാക്കുന്നത്. ഇനിയെങ്കിലും സ്വയം പരിഹസിക്കുന്നത് കോൺഗ്രസ് നിർത്തണമെന്നും അണ്ണാമലൈ ട്വീറ്റിൽ കുറിച്ചു. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സോണിയ ഗാന്ധിയുടെ ചിത്രങ്ങളടങ്ങുന്ന കോൺഗ്രസിന്‍റെ ട്വീറ്റും ഒപ്പം ചേർത്തായിരുന്നു അണ്ണാമലൈയുടെ ആരോപണം.
നേരത്തെ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസിനെതിരെ എസ് ഡി പി ഐ, പി എഫ് ഐ ബന്ധം ആരോപിച്ചിരുന്നു. ബജ്രംഗദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ധാനം ചൂണ്ടികാട്ടിയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കോൺഗ്രസിനെതിരെ എസ് ഡി പി ഐ, പി എഫ് ഐ ബന്ധം ആരോപിച്ചത്. കോൺഗ്രസ് പാർട്ടി എസ് ഡി പി ഐയുടെയും പി എഫ് ഐയുടെയും പിടിയിലാണെന്നും കോൺഗ്രസ് പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കഴിഞ്ഞ ദിവസം ബൊമ്മൈ അഭിപ്രായപ്പെട്ടിരുന്നു. എസ് ഡി പി ഐയുടെയും പി എഫ് ഐയുടെയും പിടിയിൽ നിന്നും കോൺഗ്രസിന് പുറത്തുകടക്കാൻ കഴിയില്ല. എസ് ഡി പി ഐക്കും പി എഫ് ഐക്കുമെതിരെ ബി ജെ പി നേതാക്കൾ സംസാരിച്ചാൽ കോൺഗ്രസ് നേതാക്കൾ ആശങ്കപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam