
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കരുനീക്കങ്ങൾ ശക്തമാക്കി ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ മുന്നണികളുടെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ വിജയ് ഒറ്റപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇതുവരെയും ഒരു സഖ്യകക്ഷിയെയും ഒപ്പം ചേർക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല.
എഐഎഡിഎംകെ എംഎൽഎ ഡിഎംകെയിലേക്ക് കൂറുമാറിയതാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വാർത്ത. അണ്ണാ ഡിഎംകെയിൽ ഒ പനീർശെൽവം പക്ഷക്കാരനായ എംഎൽഎ വൈദ്യലിംഗം നിയമസഭാ സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി. ഇദ്ദേഹം ഇന്ന് ഡിഎംകെയിൽ അംഗത്വമെടുക്കും. സംസ്ഥാനത്ത് നിന്നുള്ള മുൻ രാജ്യസഭാംഗമായ ഇദ്ദേഹം മുൻപ് മന്ത്രിപദവിയിലും പ്രവർത്തിച്ചിരുന്നു. ഒ പനീർശെൽവം പക്ഷത്തിന് വലിയ തിരിച്ചടിയാണ് വൈദ്യലിംഗത്തിൻ്റെ കൂറുമാറ്റം.
എന്നാൽ എഐഎഡിഎംകെ-ബിജെപി സഖ്യവും കരുനീക്കങ്ങളിൽ പിന്നോട്ടില്ല. ടിടിവി ദിനകരനെ എൻഡിഎ മുന്നണിയിലേക്ക് തിരിച്ചെത്തിച്ചാണ് തങ്ങളുടെ കരുത്ത് ഇവർ വർധിപ്പിച്ചത്. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടക്കുന്ന എൻഡിഎ പൊതുയോഗത്തിൽ ടിടിവി ദിനകരനും എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം വിജയകാന്തിന്റെ ഡിഎംഡികെയെയും എൻഡിഎയിൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മുതിർന്ന ബിജെപി നേതാവ് പിയൂഷ് ഗോയൽ ഇന്ന് ഡിഎംഡികെ നേതാക്കളെ കാണും. പിഎംകെ സ്ഥാപക നേതാവ് രാമദാസുമായി സംസാരിക്കാനും ഇവരെയും എൻഡിഎ പക്ഷത്ത് എത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്നത്. മകൻ അൻപുമണി എൻഡിഎയിൽ ചേർന്നതോടെ ഡിഎംകെയുമായി സഖ്യത്തിനുള്ള ശ്രമത്തിലാണ് രാമദാസ്. ഇതോടെയാണ് വലിയ മുന്നേറ്റം പ്രതീക്ഷിച്ച് രംഗത്തിറങ്ങിയ വിജയും ടിവികെയും ഒറ്റപ്പെടുന്നത്. സഖ്യകക്ഷികളെ കിട്ടാതെ വിജയ്‌യുടെ പാർട്ടി ഒറ്റയ്ക്കാണ്. ടിടിവി ദിനകരനുമായി സഖ്യനീക്കം പൊളിഞ്ഞതാണ് സംസ്ഥാനത്ത് വിജയ്ക്കും ടിവികെയ്ക്കും തിരിച്ചടിയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam