ഇന്ത്യയില്‍ ജീവിക്കണോ? 'ഭാരത് മാതാ കി ജയ്' വിളിക്കണമെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Dec 29, 2019, 8:03 PM IST
Highlights

''ഇന്ത്യയില്‍, നിങ്ങള്‍ ഭാരത് മാതാ കി ജയ് പറയണം. അത്തരക്കാര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ...'' 

പൂനെ: ഭാരത് മാതാ കി ജയ് വിളിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി സംസാരിക്കുകയായിരുന്നു മന്ത്രി. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി(എബിവിപി)ന്‍റെ 54ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''നമ്മുടെ രാജ്യത്തിന് പുറത്ത് ഒരു ധര്‍മ്മശാല നിര്‍മ്മിക്കാന്‍ സാധിക്കുമോ? ആര്‍ക്കെങ്കിലും ഇന്ത്യയില്‍ വരാനോ ജീവിക്കാനോ സാധിക്കുമോ? നമ്മള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍, നിങ്ങള്‍ ഭാരത് മാതാ കി ജയ് വിളിക്കണം. അത്തരക്കാര്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാനാകൂ'', പ്രധാന്‍ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്ക് പ്രതിഷേധിക്കുന്നവരെ വിമര്‍ശിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പോരാടിയ ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 

''പൗരത്വത്തിന്‍റെ പേരില്‍ ഈ രാജ്യത്തെ ജനങ്ങള്‍ അക്രമണങ്ങളിലേക്ക് കടക്കുമ്പോള്‍ എബിവിപി എന്ന സംഘടനയുടെ ഉത്തരവാദിത്വം കൂടുകയാണ്. ഈ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ തകര്‍ക്കണം... ദേശീയ പ്രസ്ഥാനങ്ങള്‍ക്കേ അതിന് മറുപടി നല്‍കാനാകൂ'' പ്രധാന്‍ പറഞ്ഞു. രാജ്യത്താകമാനം 20 ലേറെ പേരാണ് പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്. 


 

click me!