പ്ലീനറിയിൽ സംഭവിച്ചത്! പ്രവാസിയോട് കാമുകിയുടെ ക്രൂരത, ക്ഷേത്രം ഭരിക്കേണ്ടതാര്? ആ രേഖ ഇവിടെയുണ്ട്: 10 വാർത്ത

Published : Feb 26, 2023, 06:54 PM ISTUpdated : Feb 26, 2023, 06:58 PM IST
പ്ലീനറിയിൽ സംഭവിച്ചത്! പ്രവാസിയോട് കാമുകിയുടെ ക്രൂരത, ക്ഷേത്രം ഭരിക്കേണ്ടതാര്? ആ രേഖ ഇവിടെയുണ്ട്: 10 വാർത്ത

Synopsis

പ്രവാസിയോട് കാമുകി ചെയ്ത ക്രൂരയുടെ ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നത്. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ നാളെ ഇ ഡി ചോദ്യം ചെയ്യുമെന്നും ഇന്ന് വ്യക്തമായിട്ടുണ്ട്. പി കെ ശശി നടത്തിയ ഫണ്ട് തിരിമറിയുടെ രേഖകൾ പുറത്തുവന്നതാണ് മറ്റൊരു വാർത്ത

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ തീരുമാനങ്ങളും രാഹുൽ ഗാന്ധി, പ്രധാനമന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങളും ബിജെപിയുടെ മറുപടിയുമാണ് ദേശീയ തലത്തിലെ ശ്രദ്ധേയ വാർത്ത. കേരളത്തിലാകട്ടെ പ്രവാസിയോട് കാമുകി ചെയ്ത ക്രൂരയുടെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ നാളെ ഇ ഡി ചോദ്യം ചെയ്യുമെന്നും ഇന്ന് വ്യക്തമായിട്ടുണ്ട്. ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽ നിന്നും മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തിയെന്നും ഇയാൾ നാളെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷി മന്ത്രി പ്രസാദ് വ്യക്തമാക്കിയതാണ് മറ്റൊരു വാർത്ത. സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി നടത്തിയ ഫണ്ട് തിരിമറിയുടെ രേഖകൾ പുറത്തുവന്നതാണ് മറ്റൊരു വാർത്ത. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം.

1 'സജ്ജമാകു, അതിനിർണായകം', 4 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആഹ്വാനവുമായി പ്ലീനറി; കർഷക കടം എഴുതിതള്ളുമെന്ന് പ്രമേയം

നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ആഹ്വാനം നൽകി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ സമാപനമാണ് ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകളിലൊന്ന്. രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകൾ അതി നിർണ്ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാൻ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം കർഷകരെ മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രിക്കരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്ലീനറിയിലെ കാർഷിക പ്രമേയം. അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങളുടെ പേരിൽ കർഷകർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാകില്ലെന്ന് പ്രമേയത്തിലൂടെ കോൺഗ്രസ് വ്യക്തമാക്കി. കർഷകരുടെ ഭൂമി ജപ്തി നടപടികൾക്ക് വിധേയമാക്കില്ലെന്നും 6 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നും കാർഷിക പ്രമേയം പറയുന്നു.

2 അദാനിയും മോദിയും ഒന്നാണ്, അതിസമ്പന്നനാക്കിയത് കേന്ദ്ര നയങ്ങൾ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് പ്ലീനറി വേദിയിൽ ഇന്ന് സംസാരിച്ച മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനമാണ് അയിച്ചുവിട്ടത്. ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന് രാഹുൽ പറഞ്ഞു. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്നും അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്‍റെ ചോദ്യത്തിന്  പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുൽ ചൂണ്ടികാട്ടി. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലളിതമായ ചോദ്യങ്ങളാണ് താൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ്‌ അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

3 ഇൻഷയുമായി ഒരു വർഷത്തെ പ്രണയം, രക്ഷിക്കാൻ കേണപേക്ഷിച്ചിട്ടും റിസോർട്ടിലെ ആരും സഹായിച്ചില്ലെന്ന് പ്രവാസി

വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണവും പണവും തട്ടിയെടുത്തെന്ന സംഭവമാണ് ഇന്ന് ഏറ്റവും ഞെട്ടിച്ച വാർത്ത. സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ രംഗത്തെത്തുകയും ചെയ്തു. തടങ്കലിൽ ക്രൂര മർദനത്തിന് ഇരയായി എന്ന് മുഹൈദീൻ പറഞ്ഞു. അറസ്റ്റിലായ ഇൻഷയുമായി ഒരു വർഷത്തോളം നീണ്ട ബന്ധം ഉണ്ടായിരുന്നു. വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ചിറയൻകീഴിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. വണ്ടി ഓടിച്ചിരുന്ന രാജേഷ് കുമാർ  ആണ് കേസിലെ മുഖ്യപ്രതിയെന്ന് മുഹൈദ്ദീൻ പറഞ്ഞു. കൈ കാലുകൾ കെട്ടിയിട്ടു, വായ ടേപ്പ് കൊണ്ട് മൂടി. പണം മാത്രമായിരുന്നു ലക്ഷ്യം. വെറുതെ വിടാൻ ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. സഹോദരിയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. അന്വേഷണത്തിൽ തൃപ്തിയുണ്ട്. റിസോർട്ടിൽ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാനെത്തിയില്ല. ഒറ്റപ്പെട്ട നിലയിലായിരുന്നു റിസോർട്ട്. ചിറയിൻകീഴിന് അടുത്തുള്ള റോയൽ റിസോർട്ടിലാണ് താമസിപ്പിച്ചത്. ഇൻഷയ്ക്ക് മുമ്പും പണം നൽകിയിട്ടുണ്ടെന്നും മുഹൈദ്ദീൻ പറഞ്ഞു.

4 ഇസ്രായേലിൽ മുങ്ങിയ കർഷകൻ നാളെ കേരളത്തിലെത്തും, നേരിട്ട് വിളിച്ചതായി സഹോദരൻ അറിയിച്ചെന്ന് കൃഷി മന്ത്രി

ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ കേരളാ സംഘത്തിൽ നിന്നും മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പ്രസാദ്. ഇയാൾ നാളെ കേരളത്തിലെത്തുമെന്ന് സഹോദരൻ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഈ മാസം 17 ന് ബിജു മുങ്ങിയത്. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു. സർ‍ക്കാ‍ര്‍ സംഘത്തിൽ നിന്നും മുങ്ങിയതല്ലെന്നും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയതായിരുന്നുവെന്നുമാണ് തന്നോട് ബിജു പറഞ്ഞതെന്നാണ് സഹോദരൻ ബെന്നി ഇരട്ടി അറിയിച്ചത്.  എയ‍ര്‍പോര്‍ട്ടിലെ എമിഗ്രേഷൻ നടപടികൾ പൂ‍ര്‍ത്തിയാക്കിയ ശേഷം ബിജു തന്നെ വിളിച്ചതായും നാളെ കോഴിക്കോട്ട് എത്തുമെന്നും ബെന്നി അറിയിച്ചു. 

5 'നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിനുള്ള മാധ്യമവിലക്ക് പിൻവലിക്കണം': സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന്  മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. മാധ്യമവിലക്ക് അടിയന്തിരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

6 മലയാളം സർവകലാശാല വിസി: സർക്കാരിനോട് കടുപ്പിച്ച് ഗവർണർ, രൂക്ഷമായ ഭാഷയിൽ മറുപടി കത്ത്

മലയാളം സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനോട് കടുപ്പിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സംസ്ഥാന സർക്കാർ സേർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതിനാണ് രോഷത്തോടെ മറുപടി നൽകിയത്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ കത്ത് അയച്ചതെന്ന് ഗവർണർ മറുപടിയിൽ ചോദിക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് മറുപടി അയച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഗവർണർ ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. സർച്ച് കമ്മിറ്റി സ്വന്തം നിലക്ക് രൂപീകരിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. ഈ മാസം 28 നാണ് മലയാളം സർവകലാശാല വിസിയുടെ കാലാവധി അവസാനിക്കുന്നത്.

7 ലൈഫ് മിഷൻ കേസിൽ സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും, എല്ലാ ഇടപാടും രവീന്ദ്രന്‍റെ അറിവോടെയന്ന് സ്വപ്ന

ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ നാളെ ഇ ഡി ചോദ്യം ചെയ്യും. ലൈഫ് മിഷൻ  കരാറുമായി  ബന്ധപ്പെട്ട എല്ലാ ഇടപാടും സി എം രവീന്ദ്രന്‍റെ അറിവോടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. അതേസമയം കള്ളപ്പണകേസിൽ  പാർട്ടി പരിശോധിക്കേണ്ട വിഷയമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചപ്പോൾ കോഴ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ബി ജെ പിയും ആരോപിച്ചു.

8 സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻ ജി ഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു സംഘടനകൾ തന്നെ നിർദ്ദേശത്തെ എതിർക്കാൻ കാരണം.

9 ക്ഷേത്ര ഭരണം നടത്തേണ്ടത് വിശ്വാസികൾ; പാർട്ടി നേതാക്കളല്ല, പ്രധാനമന്ത്രിക്കും ബാധകമെന്ന് എംവി ഗോവിന്ദൻ

ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികൾ തന്നെയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ സി പി എം പിബി അംഗം, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ വാർത്താ ഏജൻസികളെ കാവിവൽക്കരിക്കാൻ നീക്കം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പേരാമ്പ്രയിൽ സ്കൂൾ ബസ് സിപിഎം ജാഥയ്ക്ക് ഉപയോഗിച്ച് സംഭവം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ പി ജയരാജന് ഏത് സമയത്ത് വേണമെങ്കിലും താൻ നയിക്കുന്ന പാർട്ടി ജാഥയിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

10 പാർട്ടി അറിയാതെ 35 നിയമനങ്ങൾ, 5.60കോടി രൂപയുടെ ഓഹരി, മകന്‍റെ പേരിലടക്കം സ്ഥലം; പികെ ശശി വക ഫണ്ട് തിരിമറി രേഖ

സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി നടത്തിയ ഫണ്ട് തിരിമറിയുടെ തെളിവുകളുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാർട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകൾ സമർപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പുത്തലത്ത് ദിനേശനാണ് തെളിവ് ശേഖരിച്ചത്. സി പി എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്സൽ കോളേജിന് ഓഹരി വാങ്ങിയതിൻ്റെ രേഖകൾ  ഓഡിറ്റ് റിപ്പോർട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്. മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളിൽ പാർട്ടി അറിയാതെ 35 നിയമനങ്ങൾ നടത്തി. യൂണിവേഴ്സൽ കോളേജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിൻ്റെ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ