കർഷകരുടെ ഭൂമി ജപ്തി നടപടികൾക്ക് വിധേയമാക്കില്ലെന്നും 6 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നും കാർഷിക പ്രമേയം പറയുന്നു
റായ്പൂർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനമാകുമ്പോൾ നാല് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ആഹ്വാനം. രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഛത്തീസ്ഘട്ട് തെരഞ്ഞെടുപ്പുകൾ അതി നിർണ്ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകൾ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാൻ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ജയിക്കാനും പാർട്ടിക്ക് പ്രതാപം തിരിച്ചിപിടിക്കാനും ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി. ഇതിനായുള്ള നടപടികൾ ഉണ്ടാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
'എന്‍റെ ഇന്നിംഗ്സ് അവസാനിച്ചു', ഭാരത് ജോഡോ യാത്രയെക്കുറിച്ചും പറഞ്ഞ് സോണിയയുടെ പ്രഖ്യാപനം!
അതേസമയം കർഷകരെ മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രിക്കരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്ലീനറിയിലെ കാർഷിക പ്രമേയം. അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങളുടെ പേരിൽ കർഷകർക്കെതിരെ ക്രിമിനൽ നടപടികളുണ്ടാകില്ലെന്ന് പ്രമേയത്തിലൂടെ കോൺഗ്രസ് വ്യക്തമാക്കി. കർഷകരുടെ ഭൂമി ജപ്തി നടപടികൾക്ക് വിധേയമാക്കില്ലെന്നും 6 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നും കാർഷിക പ്രമേയം പറയുന്നു. താങ്ങുവില നിയമ വിധേയമാക്കുമെന്നും എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കുമെന്നും വില നിർണ്ണയത്തിൽ കർഷക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പ്ലീനറി വേദിയിൽ ഇന്ന് സംസാരിച്ച മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനമാണ് അയിച്ചുവിട്ടത്. ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന് രാഹുൽ പറഞ്ഞു. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണെന്നും അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്‍റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുൽ ചൂണ്ടികാട്ടി. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലളിതമായ ചോദ്യങ്ങളാണ് താൻ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
