പിഎഫ്ഐ നിരോധന സാധ്യതയേറി,റെയ്ഡ് നടത്തി ബിജെപി ഭരിക്കുന്നതടക്കം 7 സംസ്ഥാനങ്ങൾ; 247പേർ അറസ്റ്റിൽ

By Web TeamFirst Published Sep 27, 2022, 6:05 PM IST
Highlights

ദില്ലി പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും ചേ‍ർന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 247 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്ത് പിഎഫ്ഐ നിരോധനത്തിനുള്ള സാധ്യതയേറി. 

ദില്ലി : പിഎഫ്ഐക്കെതിരായ എൻഐഎ നടപടിക്ക് പിന്നാലെ റെയ്ഡ് നടത്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. ദില്ലി പൊലീസും സംസ്ഥാന ഭീകരവിരുദ്ധ സേനയും സംസ്ഥാന പൊലീസും ചേ‍ർന്ന് ഏഴ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 247 പേരെ അറസ്റ്റ് ചെയ്തു. ഇതോടെ രാജ്യത്ത് പിഎഫ്ഐ നിരോധനത്തിനുള്ള സാധ്യതയേറി. 

വ്യാഴാഴ്ച എൻഐഎ രാജ്യവ്യാപകമായി  നടത്തിയ റെയ്ഡിൽ നാല്പത്തിയഞ്ച് പേർ അറസ്റ്റിൽ ആയിരുന്നു. ഇവരുടെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ്ഡ് നടന്നത്. എൻഐയുടെ അറസ്റ്റിനെതിരെ അക്രമത്തിലൂടെ പ്രതിഷേധിക്കാന്‍ പിഎഫ്ഐ ഒരുങ്ങുന്നുവെന്ന വിവരം കിട്ടിയതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ദില്ലിയിൽ 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഷഹീൻ ബാഗ്, നിസാമുദ്ദീൻ, രോഹിണി ജാമിയ തുടങ്ങിയിടങ്ങളില്‍ റെയ്ഡ്  നടന്നു. പ്രദേശത്ത് അർദ്ധസൈനിക വിഭാഗം റൂട്ട് മാർച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. റെയ്ഡിന് ശേഷം പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് പൂട്ടി മുദ്രവെച്ചു.

കർണാടകയില്‍ പിഎഫ്ഐ ജില്ലാ പ്രസിഡന്‍റുമാരടക്കം 80 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 45 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രതികളായ പഴയ കേസുകളില്‍ നടപടി ശക്തമാക്കാന്‍ പൊലീസിന് സർക്കാര്‍ നിർദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ എടിഎസ് നടത്തിയ റെയ്ഡില്‍ നാല്‍പ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.  ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷനുള്‍പ്പെടെയുള്ളവരാണ് മാലേഗാവില്‍ നിന്ന് അറസ്റ്റിലായത്. 

മധ്യപ്രദേശിലെ എട്ടു ജില്ലകളിൽ നിന്നായി 21 പേരും ഗുജറാത്തില്‍ നിന്ന് 15 പ്രവര്‍ത്തകരും അറസ്റ്റിലായി. അസമിലെ ലോവർ ജില്ലകളിൽ പുലർച്ചെയാണ് പി ഫ് ഐ ക്കെതിരെ പൊലീസിന്റെ  നടപടിയുണ്ടായത്. സംസ്ഥാനത്ത് 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ അറിയിച്ചു. യുപിയിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സും എ ടി എസുമാണ് റെയ്ഡ് നടത്തിയത് ദില്ലി  കമ്മീഷണർ സഞ്ജയ് അറോറ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പൊലീസ് റെയ്ഡ് വിലയിരുത്തി. രാജ്യവ്യാപകമായുള്ള രണ്ടാം ഘട്ട റെയ്ഡ് നിരോധനത്തിനുള്ള സൂചന നൽകുന്നതാണെന്നാണ് വിലയിരുത്തൽ. 

click me!