ഇന്ത്യയുമായുള്ള വ്യാപാര കരാറിലെ അമേരിക്കൻ പ്രഖ്യാപനവും മുൻ കരസേന മേധാവിയുടെ കുറിപ്പും ഇന്ന് പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വ്യാപാര കരാറിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്‍റ് ആദ്യം പ്രഖ്യാപിച്ചതടക്കമായിരിക്കും പാര്‍ലമെന്‍റിൽ ഉന്നയിക്കുക.

ദില്ലി: ഇന്ത്യയുമായുള്ള വ്യാപാര കരാറിലെ അമേരിക്കൻ പ്രഖ്യാപനവും മുൻ കരസേന മേധാവിയുടെ കുറിപ്പും ഇന്ന് പാർലമെൻറിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വ്യാപാര കരാറിൽ മോദി ട്രംപിന് കീഴ്പ്പെട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചട്ടം ലംഘിച്ച് വിഷയങ്ങൾ ഉന്നയിക്കാൻ ആകില്ലെന്നാണ് സ്പീക്കറുടെ നിലപാട്. ഇതിനാൽ തന്നെ ലോക്സഭ ഇന്നും കലുഷിതമാകാനാണ് സാധ്യത. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിന് ധാരണയായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണ് പ്രഖ്യാപിച്ചത്. കരാറിന്‍റെ ഭാഗമായി ഇന്ത്യക്ക് മേലുള്ള 50 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, ട്രംപിന്‍റെ പ്രഖ്യാപനം സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാര കരാറിനെക്കുറിച്ച് തന്‍റെ എക്സ് കുറിപ്പിൽ പരാമർശിച്ചില്ല. രണ്ട് സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു നിൽക്കുന്നത് ഗുണകരമെന്നും മോദി പ്രതികരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയതായുള്ള ട്രംപിന്‍റെ അവകാശവാദത്തിലും സർക്കാർ പ്രതികരിച്ചിട്ടില്ല. ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ പുരോഗതിയെക്കുറിച്ച് കേന്ദ്ര സർക്കാർ ഇന്ന് കൂടുതൽ വിവരങ്ങൾ നല്കിയേക്കും.

കരാർ അമേരിക്കൻ പ്രസിഡൻറ് ആദ്യം പ്രഖ്യാപിച്ചത് പ്രതിപക്ഷം ഇന്ന് പാർലമെൻറിൽ ചോദ്യം ചെയ്യും. മോദി ട്രംപിന് കീഴ്പ്പെട്ടെന്ന് ഇന്നലെ കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു.വ്യാപാര കരാര്‍ വിഷയത്തിനൊപ്പം മുൻ കരസേന മേധാവി എംഎം നരവനയുടെ കുറിപ്പും പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റിൽ ഉന്നയിക്കും. ചൈനയുടെ കടന്നുകയറ്റ ശ്രമത്തിനിടെ തനിക്ക് സർക്കാർ വ്യക്തമായ ഉത്തരവ് നല്കാൻ തയ്യാറായില്ലെന്ന മുൻ കരസേന മേധാവിയുടെ കുറിപ്പ് ഇന്നും രാഹുൽ ഗാന്ധി പാർലമെൻറിൽ ഉന്നയിക്കാൻ ശ്രമിക്കും. ഇന്നലെ ജനറൽ എംഎം നരവനെയുടെ വാക്കുകൾ ഉന്നയിച്ചു തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധിയെ രാജ്നാഥ് സിംഗിൻറെയും അമിത് ഷായുടെയും നേതൃത്വത്തിൽ അംഗങ്ങൾ തടസപ്പെടുത്തിയിരുന്നു. പ്രസിിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ച് രാഹുൽ പറയുന്നത് കള്ളമെന്നും ഭരണപക്ഷം ആരോപിച്ചിരുന്നു. ചട്ടം ലംഘിച്ച് ഇക്കാര്യം ഉന്നയിക്കാൻ അവസരം നൽകില്ലെന്ന നിലപാടിൽ സ്പീക്കർ ഓം ബിർള ഉറച്ചു നില്ക്കുകയാണ്. നന്ദിപ്രമേയ ചർച്ചയ്ക്ക് നാളെ പ്രധാനമന്ത്രി മറുപടി പറയാനാണ് നേരത്തെ നിശ്ചയിച്ചത്. 

വ്യാപാര കരാര്‍ പരാമര്‍ശിച്ച് അമിത് ഷാ

അതേസമയം, വ്യാപാര കരാര്‍ എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റ്. ഇന്ത്യ- അമേരിക്ക ബന്ധത്തിലെ മികച്ച ദിവസമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. വ്യാപാര കരാറിലൂടെ അയൽ രാജ്യങ്ങളേക്കാൾ ഇന്ത്യയ്ക്കുള്ള നികുതി കുറയുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

YouTube video player