ദില്ലി : അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ വ്യാപാര, നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുകയാണ് ഇന്ത്യ. ഇന്ത്യ- കാനഡ വിഷയത്തിലടക്കം ട്രംപ് ഇടപെടല്‍ നടത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നു. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ആഗോള സമാധാനത്തിനായി ഒന്നിച്ച് നീങ്ങാമെന്നും ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നാല് വര്‍ഷം മുന്‍പാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചത്. നമസ്തേ ട്രംപെന്ന പേരില്‍ ഗുജറാത്തിലെ അഹമ്മാദാബാദില്‍ ട്രംപിന് വമ്പന്‍ സ്വീകരണമായിരുന്നു മോദി ഒരുക്കിയിരുന്നത്. ഹൗഡി മോഡിയെന്ന പേരില്‍ അമേരിക്കയില്‍ മോദിയെ ട്രംപ് വരവേറ്റതിന് പിന്നാലെയാണ് 2020 ഫെബ്രുവരിയില്‍ ട്രംപിനെ ഇന്ത്യ സ്വാഗതം ചെയ്തത്. പ്രസിഡന്‍റ് തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് നടന്ന ആ സ്വീകരണ പരിപാടിയില്‍ മോദി ട്രംപിന് വിജയാശംസകള്‍ നേരുകയും ചെയ്തു. രണ്ടാമത് അധികാരത്തിലെത്തുമ്പോള്‍ അന്നത്തേതടക്കം ചിത്രങ്ങള്‍ പങ്കുവച്ച് എന്‍റെ സുഹൃത്തിന് വിജയാശംസകളെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേര്‍ന്നത്. വ്യാപാര നയതന്ത്രമേഖലകളില്‍ കൂടുതല സഹകരണം ഇന്ത്യ പ്രതീക്ഷിക്കുമ്പോള്‍ ആയുധ വില്‍പന, സാങ്കേതിക വിദ്യ കൈമാറ്റം, സംയുക്ത സൈനികാഭ്യാസം തുടങ്ങിയ മേഖലകളിലും മുന്നേറ്റം ഉണ്ടായേക്കാം.
'ഇനി അമേരിക്കയുടെ സുവർണ കാലം'; ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്
അമേരിക്ക ആദ്യം എന്നതാകും തന്‍റെ നയമെന്ന് പ്രചാരണ വേളയിലക്കം ആവര്‍ത്തിച്ചിരുന്ന ട്രംപ് മറ്റ് രാജ്യങ്ങളോടുള്ള നയം എങ്ങനെയായിരിക്കുമെന്നത് പ്രധാനമാണ്. ഇറക്കുമതി തീരുവ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് കടുപ്പിക്കാനാണ് സാധ്യത. ചൈനയില്‍ നിന്നുള്ള ഇറക്കമതിക്ക് 60 ശതമാനവും, മറ്റ് രാജ്യങ്ങളൂുമായുള്ള ഇറക്കുമതിക്ക് പത്ത് മുതല്‍ 20 % വരെയും നികുതി കൂട്ടുമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപിത നിലപാട്. ചൈനയുമായുള്ള ബന്ധത്തിലെ ഏറ്റ കുറച്ചിലുകളും ഇന്ത്യക്ക് പ്രധാനമാണ്. പാകിസ്ഥാനുമായും, കാനഡയുമായും മോശമായ ഇന്ത്യ ബന്ധത്തില്‍ ഇടപെടലുകളുണ്ടാകുമോയെന്നും ഉറ്റു നോക്കപ്പെടുകയാണ്. സംയുക്ത ശക്തിയിലൂടെ സമാധാനമെന്ന ട്രംപിന്‍റെ നയത്തോട് നേരത്തെ തന്നെ മോദിക്ക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam