ആമസോൺ മേധാവിക്കെതിരെ ഇന്ത്യയിൽ ചെറുകിട വ്യാപാരികൾ പ്രതിഷേധം സംഘടിപ്പിക്കും; റിപ്പോർട്ട്

By Web TeamFirst Published Jan 11, 2020, 11:36 PM IST
Highlights

ഇന്ത്യയിലെ മൂന്നൂറോളം ന​ഗരങ്ങളിൽ 70 ലക്ഷം തൊഴിലാളികൾ ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടനഭാരവാഹികൾ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ദില്ലി: ആമസോണ്‍ മേധാവി ജെഫ് ബെസോസിനെതിരെ ഇന്ത്യയില്‍ വൻ പ്രതിഷേധം നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ആയിരക്കണക്കിന് ചെറുകിട വ്യാപാരികൾ ചേർന്ന് ജെഫ് ബെസോസിനെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുള്ളതായി ‘റോയിട്ടേഴ്‌സ്’ റിപ്പോര്‍ട്ട്‌ ചെയ്തു. അടുത്ത ആഴ്ച ജെഫ് ബെസോസ് ഇന്ത്യ സന്ദർശിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കെതിരെ ഇന്ത്യയിലെ ചെറുകിട കച്ചവടക്കാര്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ചെറുതും വലുതുമായ വ്യവസായസംരംഭങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുന്ന ആമസോൺ ഇവന്റിൽ പങ്കെടുക്കാനാണ് ജെഫ് ബെസോസ് ദില്ലിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്നാൽ ജെഫ് ബെസോസിന്റെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

ജെഫ് ബെസോസിനെതിരെ പ്രതിഷേധിക്കുമെന്ന് അറിയിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മൂന്നൂറോളം ന​ഗരങ്ങളിൽ 70 ലക്ഷം തൊഴിലാളികൾ ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടനഭാരവാഹികൾ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2015 മുതൽ സിഎഐടി ആമസോണിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് വലിയ തോതിലുള്ള ഡിസ്കൗണ്ടിൽ ഉത്പന്നങ്ങൾ നൽകുന്നത് ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു ആമസോണിനും ഫ്ലിപ്പ്കാർട്ടിനുമെതിരെ സംഘടന രംഗത്തെത്തിയത്.   

എന്നാൽ, ഈ ആരോപണങ്ങളെല്ലാം രണ്ട് ഓൺലൈൻ വ്യാപാര കമ്പനികളും തള്ളുകയായിരുന്നു. ആയിരക്കണക്കിന് ചെറുകിട വ്യാപാരികൾക്ക് വ്യാപാര അവസരങ്ങൾ നൽകുന്നുണ്ടെന്ന് ആമസോണിന്റെ വാദം സിഎഐടിയും തള്ളിയിരുന്നു. അതേസമയം, ദില്ലി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും മറ്റ് ചെറിയ നഗരങ്ങളിലുമായി‌‌ സമാധാനപരമായി റാലികൾ സംഘടിപ്പിക്കുമെന്ന് സിഎഐടി ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

  

click me!