ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍; കേരളത്തിന് മുമ്പില്‍ കടമ്പകളേറെ

By Web TeamFirst Published Apr 25, 2019, 4:49 PM IST
Highlights

ഏറ്റവും തിരക്കുള്ള ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്കുളള ട്രെയിനുകളുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. തിരക്കുള്ള ദിവസങ്ങളില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യത്തിന് തടസ്സം നില്‍ക്കുന്നത് സ്വകാര്യ ബസ് ലോബിയാണെന്നുള്ള ആക്ഷേപവും ശക്തമാകുകയാണ്. ‍

തിരുവനന്തപുരം: സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകളില്‍ യാത്രക്കാര്‍ക്ക് ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. എന്നാല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ലഭ്യമാകണമെങ്കില്‍ കേരളത്തിന് മുമ്പില്‍ ഇനിയും കടമ്പകളേറെയുണ്ട്. തിരക്കേറിയ ദിവസങ്ങളില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യത്തോട് റെയില്‍വെ അധികൃതര്‍ ഇപ്പോഴും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. 

ഏറ്റവും തിരക്കുള്ള ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്കുളള ട്രെയിനുകളുടെ എണ്ണം താരതമ്യേന വളരെ കുറവാണ്. തിരക്കുള്ള ദിവസങ്ങളില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യത്തിന് തടസ്സം നില്‍ക്കുന്നത് സ്വകാര്യ ബസ് ലോബിയാണെന്നുള്ള ആക്ഷേപവും ശക്തമാകുകയാണ്. ‍ഞായറാഴ്ച ഉള്‍പ്പെടെ തിരക്കേറിയ ദിവസങ്ങളില്‍ സര്‍വ്വീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം പല തവണ ദക്ഷിണ പശ്ചിമ റെയില്‍വെ അധികൃതര്‍ക്ക് കത്ത് നല്‍കിയെങ്കിലും നിരവധി കാരണങ്ങള്‍ നിരത്തി അധികൃതര്‍ ആവശ്യത്തെ നിരാകരിക്കുകയായിരുന്നു. 

യാത്രക്കാര്‍ കുറവുള്ള ദിവസങ്ങളില്‍ നാല് ട്രെയിനുകള്‍ ഉള്ളപ്പോള്‍ തിരക്കേറിയ ഞായറാഴ്ചകളില്‍ തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്കുള്ളത് രണ്ട് ട്രെയിനുകളാണ്. എതിര്‍ ദിശയിലേക്ക് നാല് ട്രെയിനുകള്‍ ഉണ്ട്. അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍  അതിനുള്ള സൗകര്യം ഒരുക്കാമെന്ന് കേരളം അറിയിച്ചു. എന്നാല്‍ പിന്നീട് ബംഗളൂരുവില്‍ ട്രെയിന്‍ നിര്‍ത്താന്‍ പ്ലാറ്റ്ഫോമില്ലെന്ന കാരണമാണ് ദക്ഷിണ പശ്ചിമ റെയില്‍വെ അറിയിച്ചത്. 

ബംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദക്ഷിണ പശ്ചിമ റെയില്‍വെയാണ്. ബംഗളൂരു പോലെ തിരക്ക് കൂടുതലായ സ്റ്റേഷനിലേക്ക് ഇനിയും ട്രെയിന്‍ ഉള്‍ക്കൊള്ളിക്കാന്‍ സ്ഥലമില്ലാത്തതാണ് സര്‍വ്വീസുകള്‍ കുറക്കുന്നതിന് കാരണമായി അധികൃതര്‍ പറയുന്നത്. ബംഗളൂരു സിറ്റിയിലേക്ക് കടക്കാതെ ട്രെയിനുകള്‍ വഴിതിരിച്ച് തിരക്ക് കുറഞ്ഞ സ്റ്റേഷനുകളിലേക്ക് വിടാറാണ് പതിവെന്ന് റെയില്‍വെ പിആര്‍ഒ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

'കൊച്ചുവേളി - ബാനസവാടി ഹംസഫര്‍ എക്സ്പ്രസാണ് ഏറ്റവും പുതിയതായി ബംഗളൂരുവിലേക്ക് ആരംഭിച്ച ട്രെയിന്‍ സര്‍വ്വീസ്. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത അന്നത്തെ ചടങ്ങില്‍ ട്രെയിനുകളുടെ കുറവ് ചര്‍ച്ചയായിരുന്നു. എന്നാല്‍ സ്ഥലപരിമിതി മൂലം ട്രെയിന്‍ സ്വീകരിക്കാന്‍ കഴിയില്ലാത്തതിനാല്‍ ബാനസവാടി പോലുള്ള സ്ഥലങ്ങളിലേക്ക് ട്രെയിന്‍ തിരിച്ചുവിടുകയാണ് ചെയ്യാറുള്ളതെന്നാണ് ദക്ഷിണ പശ്ചിമ റെയില്‍വെ അധികൃതര്‍ നല്‍കിയ മറുപടി. കേരളത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സര്‍വ്വീസുകള്‍ അനുവദിക്കേണ്ടത് ദക്ഷിണ പശ്ചിമ റെയില്‍വെയാണ്'- റെയില്‍വെ പിആര്‍ഒ പറഞ്ഞു.

അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളിലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കും ജീവനക്കാരുടെ മാന്യതയില്ലാത്ത പെരുമാറ്റവും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ട്രെയിനുകള്‍ എന്ന ആവശ്യം വീണ്ടും ഉയരുന്നത്. 

click me!