
ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് നടത്തുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോല്‍വി. പരീക്ഷയില്‍ പരാജയപ്പെട്ട 19 കുട്ടികള്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതോടെ സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുകയാണ് സംസ്ഥാനത്ത്. ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക വിവരമനുസരിച്ച് പരീക്ഷയ്ക്കിരുന്ന 9.74 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 3.28 ലക്ഷം പേരും ഫലം വന്നപ്പോള്‍ പരാജയപ്പെട്ടു. ഇതാണ് കുട്ടികളുടെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്.
വിഷയത്തില്‍ ഇടപെട്ട തെലങ്കാന ഹൈക്കോടതി തോറ്റ കുട്ടികളുടെ ഉത്തരപേപ്പറുകള്‍ അടിയന്തരമായി പുനപരിശോധിക്കാന്‍ ഉത്തരവിട്ടുണ്ട്. ഉത്തര പേപ്പറുകള്‍ പുന പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി-മാര്‍ച്ച മാസങ്ങളിലായാണ് സംസ്ഥാനത്തെ ഇന്‍റര്‍മീഡിയറ്റ് പരീക്ഷ നടന്നത്. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഒന്നാം വര്‍ഷം പരീക്ഷകള്‍ക്ക് മികച്ച മാര്‍ക്ക് വാങ്ങിയ പല കുട്ടികളും രണ്ടാം വര്‍ഷ പരീക്ഷയില്‍ ദയനീയമായാണ് പരാജയപ്പെട്ടത്. പല മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്കും ഫലം വന്നപ്പോള്‍ പൂജ്യം മാര്‍ക്കാണ് ലഭിച്ചത്. ഒരു പാട് കുട്ടികള്‍ പരീക്ഷയ്ക്ക് ആബ്സന്‍റ ആയിരുന്നുവെന്നും ഫലത്തില്‍ കാണിക്കുന്നു. ചിലര്‍ക്ക് രണ്ട് മൂന്നും മാര്‍ക്കുകളും. പരീക്ഷ ഫലം വന്ന ഏപ്രില്‍ 18 മുതല്‍ വ്യാഴാഴ്ച ഉച്ച വരെ സംസ്ഥാനത്തെ 19 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.
ഫലപ്രഖ്യാപനത്തില്‍ ക്ഷുഭിതരായ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ഹൈദാരാബാദിലെ തെലങ്കാന ബോര്‍ഡ് എക്സാം ആസ്ഥാനത്തിന് മുന്‍പില്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം നയിക്കാന്‍ മുന്നിലുണ്ട്. ഇക്കണോമിക്സ് ,സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ തോറ്റ ഒരു വിദ്യാര്‍ത്ഥിയെ മേദക് ജില്ലയിലെ സ്കൂള്‍ കോംപൗണ്ടിലെ ഷെഡില്‍ തൂങ്ങി മരിച്ചപ്പോള്‍, ഭുവന്‍നഗരി ജില്ലയിലെ ഒരു പെണ്‍കുട്ടി വീട്ടിനുള്ളില്‍ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയും സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ തോറ്റെന്നാണ് വിവരം. രംഗറെഡ്ഡി ജില്ലയില്‍ ഫിസ്കിസ്, സുവോളജി പരീക്ഷകളില്‍ തോറ്റ പതിനെട്ടുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഫലം വന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്ന് കുടുംബാഗംങ്ങള്‍ പറയുന്നു.
സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു നേരിട്ട് ഇടപെട്ട് പ്രശ്നം ഒതുക്കാനുള്ള ശ്രമത്തിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിശകലനം ചെയ്ത കെസിആര്‍ അടിയന്തരമായി പരീക്ഷ പേപ്പറുകള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാനത്ത് ആകെ എട്ട് ക്യാംപുകള്‍ സംഘടിപ്പിക്കും. പരാതിയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പേപ്പറുകള്‍ പുനപരിശോധിക്കാന്‍ ഇവിടെ അവസരമുണ്ടാവും. നെറ്റ്-ജെഇഇ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം അടുത്തു വരുന്നതിനാല്‍ എത്രയും പെട്ടെന്ന് പുനര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശമാണ് വിദ്യാഭ്യാസവകുപ്പിന് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam