
കാൺപൂർ: ഉത്തർ പ്രദേശിലെ കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. ഗംഗ നദിയോട് ചേർന്ന നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ഇരട്ട എഞ്ചിൻ വിമാനം തകർന്നുവീണത്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി. ഗാർഗ് ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ടെക്നാം പി2006ടി വിമാനമാണ് അപകടത്തിൽപെട്ടത്.
വ്യാഴാഴ്ച രാവിലെ 11:50 ഓടെയാണ് അപകടം ഉണ്ടായത്. കാൺപൂരിലെ ഗാർഗ് ഏവിയേഷൻ ട്രെയിനിങ് സെൻ്ററിൽനിന്ന് രാവിലെ 11:30നാണ് നാല് സീറ്റ് വിമാനം പറന്നുയർന്നത്. ട്രെയിനിങ് സെൻ്ററിലേക്ക് മടങ്ങുന്നതിനിടെ ആണ് വിമാനം തകർന്നുവീണത്. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് കൊല്ലപ്പെട്ടത്. 3000 മണിക്കൂർ വിമാനം പറത്തി മുൻപരിചയമുള്ള ഇൻസ്ട്രക്ടറാണ് കൊല്ലപ്പെട്ടതെന്ന് കാൺപൂർ നഗർ പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു. ഡിജിസിഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തിൽപെട്ട വിമാനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിൻ്റെ ലോഹഭാഗങ്ങൾ ഒടിഞ്ഞുകിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. 2023ലാണ് ട്രെയിനിങ് സെൻ്റർ ഈ വിമാനം വാങ്ങിയത്. അപകടത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam