
ദില്ലി: തെലങ്കാനയിൽ ഇരുപത്താറ് വയസ്സുള്ള വെറ്റിറനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തി. പ്രതികളെ പൊതുജനത്തിന് വിട്ടുകൊടുത്ത് പരസ്യമായി തല്ലിക്കൊല്ലണമെന്നുമുള്ള എംപി ജയാ ബച്ചന്റെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ടാണ് മിമി ചക്രവർത്തി രംഗത്തെത്തിയിരിക്കുന്നത്. പെട്ടെന്നുള്ള ശിക്ഷയിലൂടെ മാത്രമേ സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള ലൈംഗികാതിക്രമങ്ങൾക്ക് അവസാനമുണ്ടാകൂ എന്ന് മിമി ചക്രവർത്തി കൂട്ടിച്ചേർക്കുന്നു.
''അവരുടെ പ്രസ്താവനയെ ഞാൻ പിന്തുണയ്ക്കുന്നു. എല്ലാ വിധ സുരക്ഷയോടും കൂടി പ്രതികളെ കോടതിയ്ക്ക് മുന്നിൽ എത്തിച്ച് നീതി ലഭിക്കാൻ കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഉടനടിയുള്ള ശിക്ഷയാണ് വേണ്ടത്.'' തന്റെ ട്വിറ്റർ കുറിപ്പിൽ മിമി ചക്രവർത്തി പറയുന്നു. രാജ്യത്തെമ്പാടും വൻ പ്രതിഷേധങ്ങളാണ് ഈ സംഭവത്തിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. ''വളരെ ശക്തമായി ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ഞാൻ എല്ലാ അധികാരികളോടും പറയാൻ ആഗ്രഹിക്കുന്നു. ബലാത്സംഗത്തിന് മുമ്പ് ഒരു വ്യക്തി നൂറ് തവണ ചിന്തിക്കുന്ന തരത്തിലുള്ള നിയമമായിരിക്കണം അത്. സ്ത്രീയെ മോശം കണ്ണുകളോടെ നോക്കാൻ പോലും അവർ മടിക്കണം.'' മിമിയുടെ മറ്റൊരു ട്വീറ്റിൽ കുറിച്ചിരിക്കുന്നു.
'ഇത്തരം ആളുകളെ പൊതുജനമധ്യത്തിൽ പരസ്യമായി കൊണ്ടുവന്ന് കൊലപ്പെടുത്തണം' എന്നായിരുന്നു എംപി ജയാബച്ചന്റെ വികാരനിർഭരമായ പ്രതികരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് സർക്കാർ കൃത്യമായ മറുപടി തരണമെന്നും ജയാബച്ചൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാൻ കഴിയാത്തവരെ പേരെടുത്ത് പറഞ്ഞ് പൊതുജമനധ്യത്തിൽ ആക്ഷേപിക്കണമെന്നും ജയാ ബച്ചൻ പറഞ്ഞു.
എഐഎഡിഎംകെ എംപി വിജില സത്യനാഥ് വൈകാരികമായിട്ടാണ് ഈ സംഭവത്തോട് പ്രതികരിച്ചത്. നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലെന്നായിരുന്നു എംപിയുടെ പ്രതികരണം. സംഭവത്തിൽ നാല് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20നും 26നും ഇടയിൽ പ്രായമുള്ളവരാണിവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam